SHARE

ഇതിഹാസതാരങ്ങൾ ഏറ്റുമുട്ടിയ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മഡ്രിഡിന് വിജയം. ഇസ്രയേലിലെ ടെൽ അവീവിലെ ബ്ലൂംഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം

ബ്രസീൽ സൂപ്പർതാരം റൊബർട്ടോ കാർലോസായിരുന്നു റയലിനെ നയിച്ചത്. പോർച്ചൂ​ഗിസ് ഇതിഹാസം ലൂയിസ് ഫി​ഗോ, ഇവാൻ കാംപോ തുടങ്ങിയ താരങ്ങളും റയലിനായി ബൂട്ടുകെട്ടി. ബ്രസീലിയൻ ഇതിഹാസങ്ങളായ റൊണാൾഡീന്യോ, റിവാൾഡോ അർജന്റൈൻ താരം ഹെവിയർ സാവിയോള, പോർച്ചു​ഗീസ് സൂപ്പർതാരം ‍ഡെക്കോ തുടങ്ങിയവരായിരുന്നു ബാഴ്സ ജേഴ്സിയിൽ. റിവാൾഡോയായിരുന്നു ബാഴ്സയ്ക്കായി ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞത്.

റൊണാൾഡീന്യോയുടെ പെനാൽറ്റി ​ഗോളിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 41-ാം മിനിറ്റിൽ പെഡ്രോ മുനിറ്റസിലൂടെ റയൽ ഒപ്പമെത്തി. തൊട്ടുപിന്നാലെ തന്നെ അൽഫോൻസോ പെരസിലൂടെ റയൽ ലീഡ് പിടിച്ചെടുത്തു. എന്നാൽ 68-ാം മിനിറ്റിൽ ജോഫ്രെ മത്യേവുവിലൂടെ ബാഴ്സ ഒപ്പമെത്തി. പക്ഷെ ഈ ​ഗോളിന്റെ ആയുസ് രണ്ട് മിനിറ്റ് മാത്രമായിരുന്നു. 70-ാം മിനിറ്റിൽ റൂബൻ ഡെ ലാ റെഡിലൂടെ റയൽ വിജയം പിടിച്ചെടുത്തു.