SHARE

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ സൈപ്രസ് ക്ലബ് അപ്പോള്‍ നിക്കോഷ്യക്കെതിരെ റയല്‍ മഡ്രിഡിന് വന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സ്പാനിഷ് ഭീമന്‍മാരുടെ ജയം. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫോമിലേക്ക് മടങ്ങിയെത്തിയ ഫ്രഞ്ച് താരം കരീം ബെന്‍സിമ തുടങ്ങിയവര്‍ റയലിനായി ഇരട്ടഗോള്‍ നേടി. ലൂക്കാ മോഡ്രിച്ച്, നാച്ചോ എന്നിവരാണ് റയലിന്റെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാമതായി റയല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു

ഗ്രൂപ്പ് എച്ചിലെ തന്നെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലീഷ് ക്ലബ് ടോട്ടനം തോല്‍പ്പിച്ചു. വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാമന്‍മാരായ ടോട്ടനം പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഗാബോണ്‍ താരം പിയറി ഔബമെയാങ്ങിന്റെ ഗോളില്‍ ബോറൂസിയയാണ് മുന്നിലെത്തിയത്. പിന്നീട് ഹാരി കെയിന്‍, ഹ്യൂങ് മിന്‍ സണ്‍ എന്നിവരുടെ ഗോളുകളിലൂടെ ടോട്ടനം വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഗ്രൂപ്പ് എഫില്‍ അഞ്ച് മത്സരങ്ങളും ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിച്ചു. ഡച്ച് ടീമായ ഫെയ്‌നൂര്‍ദിനെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒരു ഗോളിനാണ് സിറ്റിയുടെ വിജയം. 88-ാം മിനിറ്റല്‍ റഹീം സ്റ്റര്‍ലിങ്ങാണ് വിജയഗോള്‍ നേടിയത്.

ഗ്രൂപ്പിലെ തന്നെ രണ്ടാം മത്സരത്തില്‍ യുക്രൈന്‍ ക്ലബായ ഷാക്തര്‍ ഡോണെറ്റ്‌സികിനെ എതിരാല്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ് നാപ്പോളി തകര്‍ത്തു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ലോറന്‍സോ ഇന്‍സെയിന്‍, പീറ്റര്‍ സീലിയന്‍സ്‌കി, ഡ്രൈസ് മെര്‍ട്ടന്‍സ് എന്നിവരാണ് നാപ്പോളിക്കായി വല കുലുക്കിയത്.

ഗ്രൂപ്പ് ജിയില്‍ ലീപ്‌സിഗിനിടോുെ തോറ്റതോടെ ഫ്രഞ്ച് ചാമ്പ്യന്മാരായ മൊണാക്കോ തോറ്റ് പുറത്തായി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോള്‍ വഴങ്ങിയാണ് മൊണോക്കോയുടെ തോല്‍വി. മൊണാക്കോ താരം ജെമേഴസന്റെ ഓണ്‍ ഗോളില്‍ മുന്നിലെത്തിയ ലീപ്‌സിഗിനായി ടിമോ വെര്‍ണര്‍ ഇരട്ടഗോളുകളും നബി കീറ്റ ഒരു ഗോളും നേടി, മൊണാക്കോയുടെ ആശ്വാസ ഗോള്‍ കൊളംബിയന്‍ താരം റഡമാല്‍ ഫല്‍ക്കാവോ നേടി. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ തുര്‍ക്കിഷ് ക്ലബ് ബെസിക്റ്റസ് പോര്‍ച്ചുഗീസ് ടീം എഫ്.സി പോര്‍ട്ടോയെ സമനിലയില്‍ കുരുക്കി. സമനിലയോടെ പതിനൊന്നു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതുള്ള ബെസിക്റ്റസ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ഗ്രൂപ്പ് ഇയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ലിവര്‍പൂളിനെ സെവ്വിയ സമനിലയില്‍ കുരുക്കി. ആദ്യ പകുതിയില്‍ റോബോര്‍ട്ടോ ഫെര്‍മിന്യോ(2), സാദിയോ മാനെ എന്നിവര്‍ ലിവര്‍പൂളിന് ലീഡ് നല്‍കി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആവേശം വീണ്ടെടുത്ത് കളിച്ച സെവ്വിയ്യ രണ്ടാം പകുതിയില്‍ വിസാം ബെന്‍ യെഡര്‍(രണ്ട്), ഗ്വീഡോ പിസ്സാറോ എന്നിവരുടെ ഗോളുകളില്‍ ഒപ്പമെത്തി. രണ്ടാം മത്സരത്തില്‍ മാരിബോര്‍ സ്പാര്‍ട്ടാക്ക് മോസ്‌കോയെ സമനിലയില്‍ കുരുക്കി.