SHARE

ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സിനദിന്‍ സിദാനും റയല്‍ മഡ്രിഡും മറുപടി നല്‍കിയപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ റയല്‍ മഡ്രിഡ് പി.എസ്.ജിയെ വീഴ്ത്തി. സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റയലിന്റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടഗോള്‍ നേടി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ റയല്‍ മഡ്രിഡിന്റെ മുന്നേറ്റമായിരുന്നു. പിന്നീട്  പതിയെ പി.എസ്.ജി കളം നിറഞ്ഞുതുടങ്ങി. തുടര്‍ച്ചയായി നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ 33-ാം മിനറ്റില്‍ അഡ്രിയെന്‍ റാബിയറ്റ് റയല്‍ മഡ്രിഡിന്റെ വലകുലുക്കി. പി.എസ്.ജിക്ക് ലീഡ്. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നത് നിമിഷങ്ങള്‍ മുന്‍പ് വരെയേ ആ ലീഡിന് ആയുസുണ്ടായിരുന്നുള്ളു. ടോണി ക്രൂസിനെ പെനാല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ ഗോളാക്കി. ചാമ്പയ്ന്‍സ് ലീഗില്‍ റയലിനായി റൊണാള്‍ഡോയുടെ നൂറാം ഗോള്‍.

രണ്ടാം പകുതിയിലും മികച്ച് നീക്കങ്ങളുമായി പി.എസ്,ജി കളം നിറഞ്ഞു. നെയമറും റാബിയറ്റും ഡാനി ആല്‍വസും നടത്തിയ മുന്നേറ്റങ്ങള്‍ എന്നാല്‍ ഫിനിഷിങ്ങില്‍ പരാജയപ്പെട്ടു. ഫ്രഞ്ച് ലീഗിലെ ഗോളടി വീരന്‍ എഡിന്‍സന്‍ കവാനി 90 മിനിറ്റും കാഴ്ചക്കാരനായിരുന്നു. സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയ മത്സരത്തിന് അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കിയത് 79-ാം മിനറ്റില്‍ ഇസ്‌കോയ്ക്ക് പകരം മാര്‍ക്കോ അസെന്‍സിയോ ഇറങ്ങിയതോടെയാണ്‌.

83-ാം മിനിറ്റില്‍ മുന്നേറ്റത്തിനൊടുവില്‍  ബോക്‌സിനുള്ളിലേക്ക് അസെന്‍സിയോ നീട്ടിയ പന്ത് പി.എസ്.ജി ഗോളി തട്ടിയകറ്റിയിട്ടത് റോണാള്‍ഡോയുടെ നേര്‍ക്കാണ്. റൊണാോയുടെ കാല്‍മുട്ടില്‍ തട്ടി പന്ത് വലയിലെത്തി. റയലിന് ലീഡ്. മൂന്ന് മിനിറ്റുകള്‍ക്കകംറയല്‍ മൂന്നാം ഗോളും നേടി. ഇക്കുറിയും നല്‍കിയ പാസില്‍ നിന്ന് ഗോള്‍ നേടിയത് ബ്രസീലിയന്‍ താരം മാഴ്‌സെലോയാണ്.

മത്സരത്തിലെ വിജയം രണ്ടാം പാദ മത്സരത്തില്‍ റയല്‍ മഡ്രിഡിന് ആത്മവിശ്വാസം പകരും. റയലിന്റെ മൈതാനത്ത് ഒരു ഗോള്‍ നേടാനായത് മാത്രമാണ് പി.എസ്.ജിയുടെ നേട്ടം.

ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു മത്സത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് എഫ്.സി പോര്‍ട്ടോയെ ലിവര്‍പൂള്‍ തകര്‍ത്തു. പോര്‍ട്ടോയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ലിവര്‍പൂളിന്റെ ജയം.സെനഗല്‍ താരം സാദിയോ മാനെ ഹാട്രിക്ക് നേടിയ മത്സരത്തില്‍ മുഹമ്മദ് സാല, റോബര്‍ട്ട് ഫിര്‍മിന്യോ എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റ് ഗോളുകള്‍ നേടിയത്.

മത്സരത്തിലെ ജയത്തോടെ, ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് നേടുന്ന ഏറ്റവും വലിയ എവേ ജയമെന്ന റിക്കാര്‍ഡ് ലിവര്‍പൂള്‍ തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ റിക്കാര്‍ഡാണ് ലിവര്‍പൂള്‍ തിരിച്ചുപിടിച്ചത്‌