SHARE

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകസ്ഥാനത്ത് രണ്ടാമൂഴത്തിനെത്തിയ കാർലോ ആഞ്ചലോട്ടിക്ക് തോൽവിത്തുടക്കം. ഇന്നലെ നടന്ന ആദ്യ ക്ലബ് ഫ്രണ്ട്ലിയിൽ സ്കോട്ടിഷ് ടീം റേഞ്ചേഴ്സിനോട് റയൽ മഡ്രിഡ് തോറ്റു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു റേഞ്ചേഴ്സിന്റെ ജയം.

റേഞ്ചേഴ്സിന്റെ മൈതാനമായ ഇബ്രോക്സ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. റോഡ്രി​ഗോ, ലൂക്കാ ജോവിച്ച, ലൂക്കാസ് വാസ്ക്വസ്, ഇസ്കോ, മാർട്ടിൻ ഒഡേ​ഗാർഡ്, മാഴ്സലോ, നാച്ചോ തുടങ്ങിയ സൂപ്പർതാരങ്ങളെയൊക്കെ ആഞ്ചലോട്ടി റയലിന്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തി. എട്ടാം മിനിറ്റിൽ തന്നെ ഇതിന് ഫലവും കണ്ടു. കിടിലൻ സോളോ ​ഗോളിലൂടെ റോഡ്രി​ഗോ റയലിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതി റയലിന്റെ ഈ ലീഡോടെയാണ് അവസാനിച്ചത്.

രണ്ടാം പകുതിയിൽ തിരിച്ചടിച്ച സ്റ്റീവൻ ജെറാർഡിന്റെ ടീം 55-ാം മിനിറ്റിൽ ഫാഷൻ സക്കാലയിലൂടെ റയലിന് ഒപ്പമെത്തി. പിന്നീട് 77-ാം മിനിറ്റിൽ സെഡ്രിക്ക് ഇറ്റനിലൂടെ റേഞ്ചേഴ്സ് ലീഡും വിജയവും പിടിച്ചെടുത്തു. മത്സരത്തിന്റെ 75-ാം മിനിറ്റിൽ റയലിന്റെ സൂപ്പർതാരം നാച്ചോ ചുവപ്പുകാർഡ് കണ്ട് പുറത്തായതും റേഞ്ചേഴ്സിന് ​ഗുണം ചെയ്തു.