SHARE

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രി‍ഡിൽ ​ഗാരത് ബെയിലിന്റെ ഭാവിയെച്ചൊല്ലിയുള്ള ആശങ്ക തുടങ്ങിയിട്ട് കുറേയായി. റയലിൽ തുടരാൻ ബെയിലിനും, ബെയിലിനെ നിലനിർത്താൻ റയലിനും താൽപര്യമില്ല. എന്നാൽ ബെയിലിന്റ ട്രാൻസ്ഫർ ഒട്ട് ശരിയാകുന്നുമില്ല. കൂറ്റൻ പ്രതിഫലമാണ് ബെയിലിനെ സ്വന്തമാക്കുന്നതിൽ നിന്ന് മറ്റ് ക്ലബുകളെ തടയുന്നത്.

ഏതാണ്ട് 15 ദശലക്ഷത്തോളം യൂറോ വരും ബെയിലിന്റെ വാർഷിക പ്രതിഫലം. ഇതിനിടെ തന്നെ രണ്ട് വർഷത്തേക്ക് കൂടി ഈ വെയിൽസ് താരത്തിന് റയലുമായി കരാറുണ്ട്. അതിനാൽ തന്നെ റയലിന്റെ ട്രാൻസ്ഫർ തുകയും പിന്നീട് ബെയിലിന്റെ ഈ കുറ്റൻ പ്രതിഫലവും താങ്ങാൻ മറ്റ് ക്ലബുകൾ തയ്യാറാകില്ല. ഈ സാഹചര്യത്തിൽ ബെയിലിനെ ഒഴിവാക്കാനുള്ള പതിനെട്ടാം അടവും റയൽ പുറത്തെടുക്കുകയാണ്.

ട്രാൻസ്ഫർ ജാലകത്തിൽ പുതിയ ക്ലബ് കണ്ടെത്തിയാൽ, കരാറിൽ ശേഷിക്കുന്ന രണ്ട് വർഷത്തേക്ക് ബെയിലിന്റെ വാർഷിക പ്രതിഫലത്തിന്റെ പകുതി നൽകാൻ റയൽ അലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ടെല​ഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അങ്ങനെവന്നാൽ സീസണിൽ ഏതാണ്ട് ഏഴ് ദശലക്ഷം യൂറോ വീതം റയൽ രണ്ട് സീസണിൽ ബെയിലിനായി മുടക്കും. സ്ക്വാഡിൽ നിന്ന് ബെയിലിനെ ഒഴിവാക്കാനാ​ഗ്രഹിക്കുന്ന റയൽ ഇക്കാര്യം ​ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനവും ഇപ്പോഴും ബെയിലിൽ താൽപര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ റയൽ ആലോചിക്കുന്നത്.