SHARE

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകനായി സിനദിൻ സിദാൻ തുടരണമെന്ന് ആരാധകർ. സ്പാനിഷ് പത്രമായ ഡിയാരിയോ നടത്തിയ അഭിപ്രായ സർവേയിലാണ് സിദാന് ആരാധകർ പിന്തുണയറിയിച്ചത്.

കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീ​ഗിൽ ഷാക്തറിനോട് റയൽ തോറ്റിരുന്നു. ഇതിനുപിന്നാലെയാണ് സിദാൻ തുടരണമോയെന്ന് ചോദിച്ച് ഡിയാരിയോ സ്പോർട്ട് ആരാധകരുടെ ഇടയിൽ സർവേ നടത്തിയത്. 31,000 പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 55 ശതമാനം പേരും സിദാനെ പിന്തുണച്ചു. 17,000-ലേറെ പേരാണ് സിദാനെ അനുകൂലിച്ചത്. 33 ശതമാനം പേർ സിദാന് പകരം മൗറീഷ്യോ പോച്ചെറ്റീനോ പരിശീലകസ്ഥാനമേൽക്കണമെന്ന് ആവശ്യപ്പെട്ടു. 12 ശതമാനം പേർ ഇതിഹാസതാരം റൗൾ ​ഗോൺസാലസ് പരിശീലകനാകണമെന്ന് ആവശ്യപ്പെട്ടു.

ചാമ്പ്യൻസ് ലീ​ഗിലെ തോൽവി കൂടിയായതോടെ അവസാനം നടന്ന അഞ്ച് മത്സരങ്ങളിൽ റയലിന് ആകെ ഒരു ജയം മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ സിദാന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയരുന്നുണ്ട്. എന്നാൽ താൻ സ്ഥാനമൊഴിയില്ലെന്നാണ് സിദാൻ പറയുന്നത്.