SHARE

റയൽ മാഡ്രിഡിന്റെ വെയിൽസ് സൂപ്പർ താരം ഗരത് ബെയിലിന് തന്റെ മുൻ ക്ലബ്ബായ ടോട്ടൻഹാം ഹോട്സ്പറിലേക്ക് തിരിച്ചു പോകാൻ ആഗ്രഹമെന്നും, അതിനായുള്ള ചർച്ചകൾ നടക്കുന്നതായും അദ്ദേഹത്തിന്റെ ഏജന്റായ ജൊനാഥൻ ബാർനെറ്റ്. കഴിഞ്ഞ ദിവസം ബിബിസി റേഡിയോയോട് സംസാരിക്കുമ്പോളായിരുന്നു ബാർനറ്റ് ഇക്കാര്യം സ്ഥിരീകരിച്ചത്.

“ബെയിൽ ഇപ്പോളും ടോട്ടനത്തെ ഇഷ്ടപ്പെടുന്നു‌. അവിടെയായിരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു”. ബാർനറ്റ് പറഞ്ഞു. എന്നാൽ ടോട്ടനത്തിന് ബെയിലിന്റെ മുഴുവൻ വേതനവും താങ്ങാൻ കഴിയാത്തതിനാൽ റയൽ മാഡ്രിഡിന്റെ ഭാഗത്ത് നിന്നും വിട്ടുവീഴ്ചകൾ വേണ്ടി വരുമെന്നും ഇത് കൊണ്ടു താരം ഇക്കുറി ടോട്ടനത്തിൽ എത്തുന്ന കാര്യം ഇപ്പോളും ബുദ്ധിമുട്ടാണെന്നുമാണ് കരുതപ്പെടുന്നത്. എന്നാൽ ഇതിനായി ക്ലബ്ബുകൾ തമ്മിൽ സംസാരം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലോണിലും താരം പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് എത്താൻ സാധ്യതയുണ്ടെ‌‌ന്ന് ചൂണ്ടിക്കാട്ടുന്നു.

-Advertisement-

അതേ സമയം റയൽ മാഡ്രിഡിൽ പരിശീലകൻ സിനദിൻ സിദാന്റെ തന്ത്രങ്ങളിൽ നിന്ന് പുറത്തായ ബെയിൽ ഇക്കുറി ടീം വിടുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് അടുത്തിടെ രംഗത്തെത്തിയിരുന്നു‌. നേരത്തെ 2007 മുതൽ 2013 വരെ ടോട്ടൻഹാം ഹോട്സ്പറിന്റെ താരമായിരുന്ന ബെയിൽ, അവിടെ നിന്നായിരുന്നു റയൽ മാഡ്രിഡിലെത്തിയത്.