SHARE

ഒരു വര്‍ഷത്തിനിടെ ഒരേ പരിക്ക് രണ്ടു തവണ വിരുന്നെത്തിയതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഡങ്കന്‍ വാട്‌മോര്‍ എന്ന സണ്ടര്‍ലന്‍ഡ് സ്‌ട്രൈക്കര്‍. കേവലം ഇരുപത്തിമൂന്ന് വയസിനിടെ കരിയര്‍ തന്നെ അപകടത്തിലായേക്കാവുന്ന പരിക്ക് മൂലം വിശ്രമത്തിലായ വാട്‌മോറിനെ തേടി അപൂര്‍വമായൊരു ബഹുമതി എത്തിയതാണ് ഫുട്‌ബോള്‍ ലോകത്തെ വാര്‍ത്തയിപ്പോള്‍.

പരിക്കേറ്റ് വിശ്രമിക്കുന്ന വാട്‌മോര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് റയല്‍ മാഡ്രിഡ് താരത്തിന് കത്തയച്ചിരിക്കുന്നത്. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരെസിനുവേണ്ടി അയച്ചിരിക്കുന്ന കത്തില്‍ എത്രയും പെട്ടെന്ന് പരിക്കില്‍ നിന്ന് വിമുക്തനാകട്ടെയെന്ന് ആശംസിച്ചിരിക്കുന്നു. വാട്‌മോറിന്റെ അച്ഛനാണ് വിലയേറിയ കത്ത് പുറത്തുവിട്ടത്.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗില്‍ മില്‍വാളിനെതിരായ മത്സരത്തിനിടെയാണ് സണ്ടര്‍ലന്‍ഡ് താരത്തിന് രണ്ടാമതും പരിക്കേല്‍ക്കുന്നത്. ആറുമാസത്തെ നീണ്ട പരിക്കില്‍ നിന്നും വിമുക്തനായ ശേഷം വാട്‌മോര്‍ കളത്തില്‍ സജീവമാകുന്നതിനിടയാണ് വീണ്ടും പരിക്ക് വില്ലനായെത്തുന്നത്.