SHARE

യുക്രൈൻ ​ഗോൾക്കീപ്പർ ആന്ദ്രെ ലുനിനെ റയൽ മഡ്രിഡ് സ്വന്തമാക്കി. 19-കാരനായ ലുനിനെ യുക്രൈൻ ക്ലബ് സോറ്യാ ലുഹാൻസ്കിൽ നിന്നാണ് സ്പാനിഷ് വമ്പന്മാർ സ്വന്തമാക്കിയത്. റയൽ മഡ്രിഡ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു.

80 ലക്ഷം യൂറോയ്ക്കാണ് ലുനിനുമായി ക്ലബ് ആറ് വർഷത്തെ കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇറ്റാലിയൻ ക്ലബ് നാപ്പോളി അടക്കമുള്ളവയിൽ നിന്ന് ലുനിന് വാ​ഗ്ദാനങ്ങളുണ്ടായിരുന്നു. യുക്രൈൻ ദേശീയടീമിനായി ഇതിനകം തന്നെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങൾ ലുനിൻ കളിച്ചിട്ടുണ്ട്. ലോകത്തിന്റെ എല്ലാ ഭാ​ഗങ്ങളിൽ നിന്നും യുവപ്രതിഭവകളെ കണ്ടെത്തി ടീമിലുൾപ്പെടുത്തുന്ന റയലിന്റെ പദ്ധതിയുടെ ഭാ​ഗമാണ് ലുനിന്റെ കരാർ.

നിലവിൽ കെയ്ലർ നവാസാണ് റയലിന്റെ ഒന്നാം നമ്പർ ​ഗോളി. ഇതിനു പുറമേ, മുൻ പരിശീലകൻ സിനദിൻ സിദാന്റെ മകൻ ലൂക്കാ സിദാനും റയലിൽ ​ഗോളിയാണ്. സിദാൻ ടീം വിട്ടതിന് പിന്നാലെ ലൂക്കയും ടീം വിടുമെന്ന് റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ പകരക്കാരൻ ​ഗോളിയായാണ് ലുനിനെ എത്തിച്ചിരിക്കുന്നത്. എന്നൽ മറ്റ് ക്ലബുകൾക്ക് ലുനിനെ ലോണിൽ നൽകുന്ന കാര്യവും റയലിന്റെ പരി​ഗണനയിലുണ്ട്.

സിദാൻ പോയ ഒഴിവിലേക്ക് പകരക്കാരനായി ജൂലൻ ലൊപ്പറ്റു​ഗി എത്തിയിട്ടുണ്ട്. ഭാവി പദ്ധതികളെക്കുറിച്ച് ലൊപ്പറ്റു​ഗി ഇതുവരെ ഒന്നു വ്യക്തമാക്കിയിട്ടില്ല. എന്നാൽ മുൻ ​ഗോളി കൂടിയായ ലൊപ്പറ്റു​ഗി, നവാസിനെ ടീമിൽ നിലനിർത്താൻ തന്നെയാണ് സാധ്യത. നേരത്തെ പോർട്ടോയിൽ പരിശീലകനായിരുന്നപ്പോൾ ലൊപ്പറ്റു​ഗി തന്നെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നതായി നവാസ് തന്നെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.