SHARE

താരക്കൈമാറ്റത്തിനുള്ള സമയപരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ തരിക്കിട്ട നീക്കങ്ങളുമായി റയൽ മഡ്രിഡ്. പോർച്ചു​ഗീസ് മധ്യനിരതാരം ബ്രൂണോ ഫെർണാണ്ടസിനെ സ്വന്തമാക്കാനാണ് അവസാന ദിവസം റയല് ലക്ഷ്യം വയ്ക്കുന്നത്.

പോർച്ചു​ഗീസ് സൂപ്പർ ക്ലബ് സ്പോർട്ടിങ് ലിസബന്റെ താരമാണ് ബ്രൂണോ. കഴിഞ്ഞ രണ്ട് സീസണുകളിൽ സ്പോർട്ടിങ്ങിനായി നടത്തിയ മിന്നുന്ന പ്രകടനത്തോടെയാണ് ബ്രൂണോ ശ്രദ്ധേയനായത്. ഇതോടെ ഇക്കുറി മാഞ്ചസ്റ്റർ യുണൈറ്റഡടക്കമുള്ള ക്ലബുകൾ ബ്രൂണോയ്ക്കായി രം​ഗത്തെത്തി. എന്നാൽ ഈ ചർച്ചകളൊന്നും ഫലം കണ്ടില്ല. തുടർന്ന് ഈ സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ വീണ്ടും ബ്രൂണോ തിളങ്ങിയതോടെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡും ബ്രൂണോയ്ക്കായി വലവിരിച്ചു.

പോൾ പോ​ഗ്ബയെ സ്വന്തമാക്കാൻ ശ്രമിച്ച് നടക്കാതെ വന്നതോടെയാണ് റയൽ ബ്രൂണോയിലേക്ക് ശ്രദ്ധ തിരിച്ചത്. ഏതാണ്ട് 70 ദശലക്ഷം യൂറോ വരെ റയൽ ബ്രൂണോയ്ക്കായി വാ​ഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാളെയാണ് യൂറോപ്പിലെ ട്രാൻസ്ഫർ ജാലകം അടയ്ക്കുന്നത്. അതിനുമുമ്പായി എങ്ങനെയെങ്കിലും ബ്രൂണോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് റയൽ