SHARE

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതുതായി ഒരു താരത്തെയും ടീമിലെത്തിക്കില്ലെന്ന് ഏകദേശം ഉറപ്പായി. കഴിഞ്ഞ ദിവസം ടീമംഗങ്ങളോട് സംസാരിക്കവെ ക്ലബ്ബിന്റെ ജെനറൽ മാനേജറായ ജോസ് ഏഞ്ചൽ സാഞ്ചസ് ഇക്കാര്യം വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന സൂചനകൾ. റയൽ മാഡ്രിഡ് ആരാധകർക്ക് പക്ഷേ വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയാണിത്.

കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ റയൽ മാഡ്രിഡിൽ കളിച്ച ഫ്രെഞ്ച് താരം അൽഫോൻസ് ഏരിയോള ഇക്കുറി ടീമിൽ നിന്ന് പോകുന്ന കാര്യവും ക്ലബ്ബിന്റെ ജെനറൽ മാനേജർ താരങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ക്ലബ്ബിന് ഏരിയോളയെ സ്ഥിരമായി ടീമിലേക്ക് എത്തിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനൊപ്പം ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പുതിയ സൈനിംഗുകളൊന്നും റയൽ നടത്തില്ലെന്നും അദ്ദേഹം താരങ്ങളെ അറിയിച്ചു. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

-Advertisement-

അതേ സമയം പുതിയ താരങ്ങൾ ടീമിലെത്തില്ലെന്ന് വ്യക്തമാക്കിയ ഏഞ്ചൽ സാഞ്ചസ്, ലോണടിസ്ഥാനത്തിൽ റയൽ മറ്റ് ക്ലബ്ബുകളിലേക്ക് വിട്ടയച്ച താരങ്ങൾ 2020-21 സീസണിൽ ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്നുള്ള സൂചനകളും സംസാരത്തിനിടെ നൽകി. ഇതോടെ മാർട്ടിൻ ഒഡെഗാർഡ്, ഡാനി സെബയ്യോസ്, ആൻഡ്രി ലുനിൻ എന്നിവർ ഇത്തവണ റയൽ മാഡ്രിഡ് നിരയിൽ ഉണ്ടാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.