SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടർ നറുക്കെടുപ്പ് പൂർത്തിയായി. ക്വാർട്ടർ പോരാട്ടങ്ങളിൽ സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡ് ഇം​ഗ്ലീഷ് ക്ലബ് ലിവർപൂളിനെ നേരിടും. മറ്റ് മത്സരങ്ങളിൽ പി.എസ്.ജി ബയേൺ‍ മ്യൂണിച്ചിനേയും ചെൽസി പോർട്ടോയേയും മാ‍‍ഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്ട്മുണ്ടിനേയും നേരിടും.

2017-18 ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനലിലാണ് ലിവർപൂളും റയലും തമ്മിൽ ഇതിനുമുമ്പ് ഏറ്റുമുട്ടിയത്. അന്ന് റയൽ വിജയം നേടിയിരുന്നു. ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സാല ആ മത്സരത്തിൽ പരുക്കേറ്റ് പുറത്തായതും വലിയ വിവാദമായിരുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിൽ ഏറ്റുമുട്ടിയ ബയേണും പി.എസ്.ജിയും ഇക്കുറി ക്വാർട്ടറിൽ ഏറ്റുമുട്ടും. കഴിഞ്ഞ വർഷത്തെ തോൽവിക്ക് പകരം വീട്ടാനാകും പി.എസ്.ജിയുടെ ലക്ഷ്യം.

റയൽ-ലിവർപൂൾ പോരാട്ടത്തിലെ വിജയികൾ ചെൽസി-പോർട്ടോ മത്സരവിജയികളെയാണ് സെമിയിൽ നേരിടേണ്ടത്. ബയേൺ-പി.എസ്.ജി മത്സരത്തിലെ വിജയികൾ സിറ്റി-ഡോർട്ട്മുണ്ട് മത്സരത്തിലെ വിജയി​കളെ സെമിയിൽ നേരിടും.