SHARE

വരുന്ന സീസണിൽ റയൽ മഡ്രിഡിൽ സൂപ്പർതാരം ലൂക്കാ മോഡ്രിച്ചിന് ടീമിൽ അവസരം കുറഞ്ഞേക്കും. വരും സീസണിൽ മോഡ്രിച്ചിനേയും നോർവീജിയൻ താരം മാർട്ടിൻ ഒഡേ​ഗാർഡിനേയും മാറ്റിമാറ്റികളിപ്പിക്കാനാണ് റയൽ പരിശീലകൻ സിനദിൻ സി​ദാൻ ആലോചിക്കുന്നത്. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

35-കാരനായ മോഡ്രിച്ച് കുറേ നാളുകളായി റയലിന്റെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാണ്. മികച്ച പ്രകടനം ഇപ്പോഴും നടത്തുന്നുണ്ടെങ്കിലും കരിയറിന്റെ അവസാന ഘട്ടങ്ങളിലാണ് മോഡ്രിച്ചെന്നതിനാൽ പകരക്കാരെ വേണമെന്നാണ് ക്ലബ് തീരുമാനം. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ സീസണിൽ റയൽ സോസിദദിനായി ലോണിൽ കളിച്ചിരുന്ന ഒഡേ​ഗാർഡിനെ തിരികെ വിളിച്ചിരിക്കുന്നത്.

കുറേക്കൂടി ആക്രമണ സ്വഭാവമുള്ള കളിശൈലിയാണ് ഒഡേ​ഗാർഡിന്റേത്. എങ്കിലും മോഡ്രിച്ചിന്റെ പിൻ​ഗാമിയായി തന്നെയായാണ് റയൽ താരത്തെ കാണുന്നത്. ഈ സാഹചര്യത്തിലാണ് ഡാനി സെബെയോസടക്കമുള്ള താരങ്ങളെ വീണ്ടും ലോണിലയച്ചിട്ടും ഒഡേ​ഗാർഡിനെ പിടിച്ചുനിർത്തിയിരിക്കുന്നത്.

വരും സീസണിലെ ലാ ലാ​ഗയിലും മറ്റ് മത്സരങ്ങളിലും ഇരുതാരങ്ങളേയും മാറിമാറി ആദ്യ ഇലവനിൽ ഉൾപ്പെടുത്താനാകും സിദാന്റെ നീക്കം. മോഡ്രിച്ചിന് റയലിനൊപ്പമുള്ള കരാർ 2021-ൽ അവസാനിക്കും. ഈ കരാർ പുതുക്കാൻ സാധ്യതയില്ല. ഈ സാ​​ഹചര്യത്തിൽ വരും സീസണുകളിൽ ഒഡേ​ഗാർഡ് റയലിന്റെ ആദ്യ ഇലവനിൽ ഇടം നേടും.