SHARE

മാഞ്ചസ്റ്റർ സിറ്റിയുടെ ഇം​ഗ്ലീഷ് സൂപ്പർ താരം റെഹീം സ്റ്റെർലിങ്ങിനെ ലക്ഷ്യമിട്ട് റയൽ മഡ്രിഡ്. ഈ സീസൺ തുടക്കത്തിൽ റയൽ ഇതിനായി ശ്രമിച്ചിരുന്നു. എന്നാൽ അന്ന് പാളിപ്പോയ നീക്കത്തിനാണ് റയൽ ഒരിക്കൽ കൂടി തുടക്കമിടുന്നത്.

പെപ് ​ഗ്വാർഡിയോളയ്ക്ക് കീഴിൽ അസാമാന്യ മികവിലാണിപ്പോൾ സ്റ്റെർലിങ് കളിക്കുന്നത്. സീസണിലിതുവരെ എല്ലാ പോരാട്ടങ്ങളിൽ നിന്നുമായി സിറ്റിക്കായി 12 ​ഗോളുകൾ സ്റ്റെർലിങ് നേടിക്കഴിഞ്ഞു. ഇം​ഗ്ലീഷ് ദേശീയ ടീമിനായി കളിക്കുമ്പോഴും മിന്നുന്ന ഫോമിലാണ് സ്റ്റെർിലിങ്. ഈ ഫോമാണ് താരത്തെ സ്വന്തമാക്കാൻ റയലിനെ പ്രേരിപ്പിക്കുന്നത്. ഇക്കുറി ഈഡൻ ഹസാർഡടക്കം ഒരുപിടി സൂപ്പർ താരങ്ങളെ സ്വന്തമാക്കിയിട്ടും റയലിന് ഇതുവരെ മികവ് കണ്ടെത്താനായിട്ടില്ല.

സ്റ്റെർലിങ്ങിനെ സ്വന്തമാക്കാൻ പണത്തിന് പുറമെ സൂപ്പർതാരം ​ഗാരത് ബെയിലിനേയും സിറ്റിക്ക് റയൽ വാ​ഗ്ദാനം ചെയ്യാനൊരുങ്ങുകയാണ്. 70 ദശലക്ഷം യൂറോയ്ക്ക് പുറമെയാണ് ബെയിലിനേയും നൽകാമെന്ന വാ​ഗ്ദാനം.

റയലിൽ ദിനംപ്രതി അതൃപ്തനായിക്കൊണ്ടിരിക്കുകയാണ് ബെയിൽ. ബെയിലിന് ടീമിനോടുള്ള ആത്മാർഥതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ വെയിൽസ് താരത്തെ ഒഴിക്കാനുള്ള വഴികൂടിയായാണ് സ്റ്റെർലിങ്ങിനായുള്ള ശ്രമത്തെ റയൽ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് കാണുന്നത്.