SHARE

ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം ഫിൽ ഫോഡനിലേക്ക് റഡാർ തിരിച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ്. ഇം​ഗ്ലീഷ് പത്രമായ മിറർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിറ്റിയിൽ അവസരം കുറയുന്നതിലുള്ള ഫോഡന്റെ അമർഷം മുതലാക്കാനാണ് റയലിന്റെ നീക്കമെന്നാണ് സൂചന.

ഇം​ഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളാണ് മിഡ്ഫിൽഡറായ ഫോഡൻ. സിറ്റി പരിശീലകൻ പെപ്പ് ​ഗ്വാർഡിയോളയുടെ ഇഷ്ടതാരങ്ങളിലൊരാളുമാണ് ഫോഡൻ. കഴിഞ്ഞ സീസണോടെ ക്ലബ് വിട്ട ഡേവിഡ് സിൽവയുടെ പകരക്കാരനായാണ് ഫോഡൻ പരി​ഗണിക്കപ്പെടുന്നത്. എന്നാൽ ഇപ്പോഴും സിറ്റി ഫസ്റ്റ് ഇലവനിൽ സ്ഥാനമുറപ്പിക്കാൻ ഫോഡനായിട്ടില്ല. പ്രീമിയർ ലീ​ഗിൽ സിറ്റിയുടെ അവസാനം നടന്ന ആറ് മത്സരങ്ങളിൽ ആകെ 100 മിനിറ്റ് മാത്രമാണ് ഫോഡൻ കളിച്ചത്.

യുവതാരമായ ഫോഡന് സിറ്റിയുമായുള്ള കരാറിൽ വർഷങ്ങൾ ഇനിയും ബാക്കിയുണ്ട്. എങ്കിലും കളിക്കാനുള്ള അവസരങ്ങൾ കുറയുന്നതിൽ ഫോഡന് അമർഷമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഫോഡനെ റാഞ്ചാനുള്ള ശ്രമങ്ങളിലേക്ക് റയൽ കടന്നേക്കുമെന്നും സൂചനയുണ്ട്. കൂടുതൽ കളിസമയം ഉറപ്പാക്കിയില്ലെങ്കിൽ ക്ലബ് വിടാൻ ഫോഡനും മടിക്കില്ല.