SHARE

കഴിഞ്ഞയാഴ്ച വിയ്യാറയലിനോടേറ്റ അപ്രീതീക്ഷത പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതരായ റയല്‍മഡ്രിഡ്  വിജയവഴിയില്‍ മടങ്ങിയെത്തി. കോപ്പ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ലെഗനെസിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് റയലിന്റെ ജയം.

സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യനോ റൊണാള്‍ഡോ, കരീം ബെന്‍സിമ, മാഴ്‌സെലോ, ടോണി ക്രൂസ്, സെര്‍ജിയോ റാമോസ് തുടങ്ങിയവരെ പുറത്തിരുത്തിയാണ് സിദാന്‍ ടീമിനെ അണിനിരത്തിയത്. മത്സരത്തിന്റെ 89-ാം മിനിറ്റില്‍ സ്പാനിഷ് താരം മാര്‍ക്കോ ആസെന്‍സിയോയാണ് റയലിന്റെ വിജയഗോള്‍ നേടിയത്. തിയോ ഹെര്‍ണാണ്ടെസാണ് ഗോളിന് വഴിയൊരുക്കിയത്.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിക്കാനാകത്തതിനെത്തുടര്‍ന്ന് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ കടുത്ത് വിമര്‍ശനത്തിന് വിധേയനായിരുന്നു. കോപ്പ ഡെല്‍ റേയിലെ ഈ വിജയം സിദാന് താല്‍കാലിക ആശ്വാസമാണ്.

അടുത്തയാഴ്ച റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുന്നത്. അതേ സമയം ഈ സീസണ്‍ അവസാനത്തോടെ സിനദിന് സിദാന്‍ റയലിന്റെ പരിശീലകസ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്പാനിഷ് മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.