SHARE

സ്പാനിഷ് ലാലീഗയിൽ കരുത്തരായ റയൽ മാഡ്രിഡിന് തുടർച്ചയായ മൂന്നാം ജയം. തങ്ങളുടെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ലെഗാനസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയൽ തകർക്കുകയായിരുന്നു. കരീം ബെൻസേമ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി തിളങ്ങി.

മത്സരത്തിന്റെ പതിനേഴാം മിനുറ്റിൽ സൂപ്പർ താരം ഗരേത് ബെയിലിലൂടെ റയൽ മാഡ്രിഡ് മത്സരത്തിലെ ആദ്യ ഗോൾ നേടി. പക്ഷേ റയലിന്റെ ഗോൾ ലീഡ് അധികം നീണ്ട് നിന്നില്ല. 24-ം മിനുറ്റിൽ കാറില്ലോയുടെ പെനാൽറ്റി ഗോളിൽ ലെഗാനേസ് സ്കോർ നിലയിൽ ഒപ്പമെത്തി‌. ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-1 എന്നായിരുന്നു സ്കോർ.

രണ്ടാം പകുതിയിൽ വർധിത വീര്യത്തോടെയാണ് റയൽ കളിക്കാനിറങ്ങിയത്‌. 48-ം മിനുറ്റിൽ കരീം ബെൻസേമ നേടിയ ഗോളിൽ അവർ മത്സരത്തിൽ ലീഡെടുത്തു. 61-ം മിനുറ്റിൽ ബെൻസേമ വീണ്ടും എതിർ വല കുലുക്കി. ലൂക്ക മോഡ്രിച്ചിന്റെ അസിസ്റ്റായിരുന്നു ഇത്തവണ ഗോളിന് വഴി വെച്ചത്. മൂന്നാം ഗോൾ നേടി അഞ്ച് മിനുറ്റുകൾക്ക് ശേഷം ലഭിച്ച പെനാൽറ്റി വലയിലാക്കി നായകൻ സെർജിയോ റാമോസും സ്കോർ പട്ടികയിൽ ഇടം പിടിച്ചപ്പോൾ മത്സരം റയൽ അനായാസം സ്വന്തമാക്കുകയായിരുന്നു.