SHARE

സ്പാനിഷ് ലാലിഗയില്‍ ദുരന്തം തുടരുന്ന റയല്‍ മാഡ്രിഡിനെ ആരാധകരും കൈവിടുകയാണോ? സംശിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം റയല്‍ സോസിഡാഡിനോട് 2-0ത്തിന് തോറ്റ മത്സരത്തില്‍ ഏകദേശം 30,000ത്തോളം കാലി കസേരകള്‍ക്കു മുന്നിലാണ് റയല്‍ കളിച്ചതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആരാധകര്‍ പോലും റയലിനെ കൈവിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലാലിഗയില്‍ അത്ര ശുഭകരമല്ല റയലിന്റെ ഭാവി. സീസണില്‍ ഇതുവരെ കളിച്ച പതിനെട്ടില്‍ ആറിലും തോറ്റു. മൂന്നെണ്ണം സമനിലയില്‍ അവസാനിച്ചപ്പോള്‍ ഒന്‍പതില്‍ മാത്രമാണ് ജയിക്കാനായത്. ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്. ഒന്നാംസ്ഥാനക്കാരായ ബാഴ്‌സലോണയേക്കാള്‍ പത്തു പോയിന്റിന്റെ വ്യത്യാസം.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഈ സീസണില്‍ യുവന്റസിലേക്ക് മാറിയതോടെ റയലിന്റെ വാണിജ്യ വരുമാനത്തിലും കുറവു വന്നിരുന്നു. ജേഴ്‌സി വില്പനയിലും മറ്റു ഉല്പന്നങ്ങളിലും വരുമാനം ഇടിഞ്ഞു. കളിയില്‍ കൂടി തളര്‍ച്ച വന്നതോടെ ടീമിന്റെ ഈ സീസണിലെ വരുമാനത്തില്‍ വലിയ കുറവു വരുമെന്നാണ് വിദഗ്ധര്‍ പറയുന്നു.