SHARE

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മഡ്രിഡ് വിട്ടുപോകില്ലെന്ന് ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനൊ പെരസ്. റൊണാൾഡോ ചൈനീസ് ലീ​ഗിലേക്ക് കൂടുമാറുമാൻ ശ്രമിക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പരസ്. ചൈനയെക്കുറിച്ച്, തന്നോട് റൊണാൾഡോ അന്വേഷിച്ചിരുന്നുവെന്ന് മുൻ പോർച്ചു​ഗൽ പരിശീലകൻ ലൂയിസ് ഫിലിപ് സ്കോളാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെയാണ് പുതിയ വാർത്തകൾക്ക് ചൂടുപിടിച്ചത്.

ക്ലബ് വിട്ടുപോകണമെന്ന് റൊണാൾഡോ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.റൊണാൾഡോയ്ക്ക് ക്ലബുമായി 2021 വരെ കരാറുമുണ്ട് ,പെരസ് പറഞ്ഞു. സ്കോളാറിയോട് റൊണാൾഡോ ചൈനയിലെ ജീവിതത്തെക്കുറിച്ച് ചോദിച്ചതിൽ അസാധാരണമായന്നുമില്ല. നിങ്ങളുടെ ഒരു സുഹൃത്ത് ഹോങ്കോങ്ങിലുണ്ടെങ്കിൽ, നിങ്ങൾ അയാളോട് ചോദിക്കില്ലേ, അവിടുത്തെ ജീവിതമെങ്ങനെയുണ്ടെന്ന്, ഇതും അത്രയേയുള്ളു, പെരസ് പറഞ്ഞു.

സീസൺ തുടക്കത്തിൽ ഫോം കണ്ടെത്താൻ വിഷമിച്ച റൊണാൾഡോ ഇപ്പോൾ മികച്ച ഫോമിലേക്ക് മടങ്ങിയെത്തി. ​ലാ ലി​ഗയിൽ ​ഗോൾവേട്ടയിൽ ലയണൽ മെസിക്ക് പിന്നിൽ രണ്ടാമതാണിപ്പോൾ റൊണാൾഡോ. കഴിഞ്ഞ ദിവസം ജിറോണയ്ക്കെതിരായ മത്സരത്തിൽ നാല് ​ഗോളാണ് പോർച്ചു​ഗീസ് സൂപ്പർ താരം അടിച്ചുകൂട്ടിയത്.