SHARE

ചിരവൈരികളായ ബാഴ്സലോണ രൗദ്ര ഭാവം പൂണ്ട ക്ലാസിക്കോ മത്സരത്തിൽ സാന്റിയാഗോ ബെർണബ്യൂവിൽ സ്വന്തം കാണികൾക്ക് മുന്നിൽ നാണം കെട്ട് റയൽ മാഡ്രിഡ്. അൻപത്തിനാലാം മിനുറ്റിൽ ലൂയി സുവാരസും, അറുപത്തിനാലാം മിനുറ്റിൽ പെനാൽറ്റിയിൽ നിന്ന് ലയണൽ മെസിയും, തൊണ്ണൂറാം മിനുറ്റിൽ അലക്സ് വിഡാലും നേടിയ ഗോളുകളിലാണ് ബാഴ്സയുടെ മിന്നും ജയം.സ്കോർ ബാഴ്സലോണ 3-0 റയൽ മാഡ്രിഡ്. അറുപത്തിമൂന്നാം മിനുറ്റിൽ ബോക്സിനകത്ത് പന്ത് മനുപൂർവ്വം കൈകൊണ്ട് തട്ടിയ കർവാഹൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് ശേഷം പത്ത് പേരുമായാണ് റയൽ കളിച്ചത്.

ആദ്യ പകുതി

റയലിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്‌. രണ്ടാം മിനുറ്റിൽത്തന്നെ ഹെഡറിലൂടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ ഗോൾ വല കുലുക്കിയെങ്കിലും റഫറിയുടെ ഓഫ് സൈഡ് ഫ്ലാഗ് ഉയർന്നു. ആറാം മിനുറ്റിലാണ് ലയണൽ മെസി ആദ്യമായി പന്ത് തൊടുന്നത്. പത്താം മിനുറ്റിൽ ബാഴ്സ ബോക്സിൽ ഭീഷണിയുമായി റയൽ താരങ്ങളെത്തി. എന്നാൽ ഇടം കാലുകൊണ്ട് ഷൂട്ട് തൊടുക്കാനുള്ള ക്രിസ്റ്റ്യാനോയുടെ ശ്രമം പരാജയപ്പെട്ടത് ബാഴ്സയെ രക്ഷിച്ചു. ഇതിനിടയിലുണ്ടായ കൂട്ടപ്പൊരിച്ചിലിൽ ആന്ദ്രെ ഇനിയേസ്റ്റ പരുക്കേറ്റ് വീഴുന്നതിനും മൈതാനം സാക്ഷിയായി.

പതിനെട്ടാം മിനുറ്റിലാണ് ബാഴ്സയുടെ ഭാഗത്ത് നിന്ന് ആദ്യമായി ആക്രമണം വരുന്നത്. പത്തൊൻപതാം മിനുറ്റിൽ മോഡ്രിച്ചിനെ വീഴ്ത്തിയതിന് തോമസ് വെർമ്യൂലന് മഞ്ഞക്കാർഡും ബാഴ്സയ്ക്കെതിരായി ഫ്രീകിക്കും റഫറി വിധിച്ചു‌. മത്സരം ചൂടു പിടിച്ചതോടെ ഇരു ടീമുകളും ആക്രമിച്ച് കളിക്കാൻ തുടങ്ങി. ഇരുപത്തിമൂന്നാം മിനുറ്റിലാണ് മത്സരത്തിലെ ആദ്യ കോർണർ ബാഴ്സയ്ക്ക് ലഭിക്കുന്നത്. കിക്കെടുത്ത മെസിക്ക് പക്ഷേ അതിനെ അപകടകരമായ പന്താക്കി മാറ്റാൻ കഴിഞ്ഞില്ല.

മുപ്പതാം മിനുറ്റിൽ പൗളിഞ്ഞോയുടെ മികച്ച ഗോൾ ശ്രമം റയൽ ഗോൾകീപ്പർ കെയ്ലർ നവാസ് അതിലും മികച്ച രീതിയിൽ രക്ഷപെടുത്തിയപ്പോൾ തൊട്ടടുത്ത മിനുറ്റിൽ ക്രിസ്റ്റ്യാനോയുടെ ശ്രമം ടെർസ്റ്റെഗനും തടഞ്ഞു. മുപ്പത്തിയൊൻപതാം മിനുറ്റിൽ പൗളിഞ്ഞോയുടെ തകർപ്പൻ ഹെഡറിന് മുന്നിൽ റയൽ ഗോൾകീപ്പർ വീണ്ടും തടസമായി. ഇതിനിടയിൽ കരീം ബെൻസേമയുടെ ഹെഡർ വല കുലുക്കിയെന്ന് തോന്നിപ്പിച്ചപ്പോൾ ബാഴ്സയുടെ രക്ഷയ്ക്കെത്തിയത് ക്രോസ് ബാർ.

ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുൻപ് ബാഴ്സയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത മെസിക്ക് അത് മുതലാക്കാനായില്ല. ബാഴ്സയുടെ കടുകട്ടി പ്രതിരോധവും ഇരു ടീമുകളുടെയും മികച്ച ചില മുന്നേറ്റങ്ങളും കണ്ട ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ റയൽ മാഡ്രിഡ് 0-0 ബാഴ്സലോണ.

രണ്ടാം പകുതി

പതുക്കെ ചൂടുപിടിച്ചു വന്ന രണ്ടാംപകുതിയുടെ അൻപത്തിനാലാംമിനുറ്റിൽ ബാഴ്സ ആരാധകർ കാത്തിരുന്ന നിമിഷം വന്നെത്തി. റാകിറ്റിച്ചിന്റെ മികച്ച ഒരു മുന്നേറ്റത്തിനൊടുവിൽ പന്ത് ലഭിച്ചത് ഇടത് വിംഗിലൂടെ ഓടിയെത്തിയ സുവാരസിന്റെ കാലുകളിൽ. കെയ്ലർ നവാസിനെ കീഴ്പ്പെടുത്തി ഗോൾ വല കുലുക്കാൻ ഉറുഗ്വെയ്ൻ താരത്തിന് അധികം ആയാസപ്പെടേണ്ടി വന്നില്ല. ഗ്യാലറിയിൽ ബാഴ്സ ആരാധകർ അലറിവിളിച്ചു. ഗോൾ…….സ്കോർ ബാഴ്സലോണ 1-0 റയൽ മാഡ്രിഡ്.

ഗോൾ നേടിയതിന് ശേഷം വർധിത വീര്യത്തോടെ കളിക്കുന്ന ബാഴ്സയെയാണ് സാന്റിയാഗോ ബെർണബ്യൂവിൽ കണ്ടത്. തുടർച്ചയായി ബാഴ്സ ആക്രമണങ്ങൾ നടത്തിയപ്പോൾ റയൽ സ്വന്തം ഗ്രൗണ്ടിൽ വലഞ്ഞു. അറുപത്തിമൂന്നാം മിനുറ്റിൽ ബാഴ്സയുടെ ഗോളെന്നുറച്ച ഷോട്ട് കൈ കൊണ്ട് തടുത്തതിന് റയലിന്റെ ഡാനി കർവാഹൽ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. ഫൗളിൽ നിന്ന് ലഭിച്ച പെനാൽറ്റി അനായാസം വലയിലെത്തിച്ച ലയണൽ മെസി തന്റെ പതിനഞ്ചാം ലീഗ് ഗോൾ സ്കോർ ചെയ്യുമ്പോൾ സ്കോർ ബാഴ്സലോണ 2-0 റയൽ മാഡ്രിഡ്.

2 ഗോളിന് പിന്നിലാവുകയും പത്ത് പേരായി ചുരുങ്ങുകയും ചെയ്തതോടെ മത്സരത്തിൽ റയൽ ശരിക്കും സമ്മർദ്ദത്തിലായി.  ഗോൾ തിരിച്ചടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയ അവർ എഴുപത്തിരണ്ടാം മിനുറ്റിൽ രണ്ട് മാറ്റങ്ങളാണ് കളത്തിൽ വരുത്തിയത്. അസൻസിയോയ്ക്ക് പകരം കാസിമിറോയും കൊവാസിച്ചിന് പകരം ഗരത് ബെയ്ലും കളത്തിലെത്തി. എഴുപത്തിയാറാം മിനുറ്റിൽ ബാഴ്സലോണയും മാറ്റം വരുത്തി. ആന്ദ്രെ ഇനിയേസ്റ്റയെ കോച്ച് വൽ വർഡെ പിൻ വലിച്ചപ്പോൾ പകരം ഇറങ്ങിയത് സെമഡോ.

എഴുപത്തിയെട്ടാം മിനുറ്റിൽ റയലിന്റെ തകർപ്പൻ ഗോൾ ശ്രമം ഗോൾ കീപ്പർ ടെർ സ്റ്റെഗനിൽ തട്ടിത്തകർന്നു. എൺപത്തിരണ്ടാം മിനുറ്റിൽ റഫറിയോട് തർക്കിച്ചതിന് മാർസലോ മഞ്ഞക്കാർഡ് കണ്ടു. പത്ത് പേരായി ചുരുങ്ങിയത് റയലിനെ ശരിക്കും ബാധിച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ പിന്നീടുള്ള കളി. അവസാനം തൊണ്ണൂറാം മിനുറ്റിൽ അലക്സ് വിഡാലും റയൽ വല കുലുക്കിയതോടെ ആദ്യ ക്ലാസിക്കോയിലെ റയലിന്റെ തകർച്ച പൂർത്തിയായി. സ്കോർ ബാഴ്സലോണ 3-0 റയൽ മാഡ്രിഡ്.