SHARE

ഫിഫ ക്ലബ് ലോകകപ്പ് കിരീടം സ്പാനിഷ് ടീം റയല്‍ മഡ്രിഡിന്. അബുദാബിയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ് ഗ്രമിയോയെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയും റൊണാള്‍ഡോയെക്കാള്‍ മികച്ച കളിക്കാരനായിരുന്നു താനെന്നവകാശപ്പെടുന്ന ഗ്രമിയോ പരിശീലകന്‍ റെനറ്റോ ഫോന്‍സേകയും നേര്‍ക്കുനേര്‍ വന്ന ഫൈനല്‍ മത്സരത്തിന് മുമ്പേ ശ്രദ്ധ പിടിച്ചുപറ്റി. 56 ാം മിനിറ്റില്‍ ലഭിച്ച ഫ്രീക്കിക്ക് വലയിലാക്കി ടീമിനെ വിജയിപ്പിച്ച റൊണാള്‍ഡോ, മികച്ച താരം താന്നെയെന്ന് പ്രഖ്യാപിച്ചു.

ടൂര്‍ണമെന്റില്‍ റൊണാള്‍ഡോയുടെ രണ്ടാം ഗോളാണിത്. ക്ലബ് ലോകകപ്പുകളിലാകെക്കൂടി ഏഴും. ക്ലബ് ലോകകപ്പോടെ 2017ല്‍ റയല്‍ അഞ്ചാം കിരീടമാണ് സ്വന്തമാക്കിയത്. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, യൂവേഫ സൂപ്പര്‍ കപ്പ് എന്നിവ സിദാന്റെ പട സ്വന്തമാക്കിയിരുന്നു.

ക്ലബ് ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും റയലിന് സ്വന്തം. റയലിന്റെ മൂന്നാം ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ഏറ്റവുമധികം കിരീടങ്ങളെന്ന ബാഴ്‌സയുടെ റിക്കാര്‍ഡിനൊപ്പമെത്തി റയല്‍.