SHARE

അന്താരാഷ്ട്ര കരിയർ തുടങ്ങിയ സമയം 228-ം നമ്പർ ജേഴ്സിയണിഞ്ഞായിരുന്നു ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ കളിച്ച് കൊണ്ടിരുന്നത്. താരം ഇത്തരമൊരു നമ്പർ ജേഴ്സിയിൽ കളിച്ചിരുന്നതിന് പിന്നിലെ‌ കാരണം എന്തെന്ന കാര്യം പക്ഷേ ഒട്ടുമിക്ക ക്രിക്കറ്റ് പ്രേമികൾക്കും അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം ഐസിസി, തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ, ക്രിക്കറ്റ് പ്രേമികളോട്, പാണ്ട്യ 228-ം നമ്പർ ജേഴ്സി ധരിച്ചിരുന്നതിന് കാരണം ചോദിച്ചു. എന്നാൽ ക്ഷണ നേരം കൊണ്ട് ഇതിന് ആരാധകർ മറുപടി നൽകി.

2009 ൽ ബറോഡ അണ്ടർ 16 ടീമിന് വേണ്ടി കളിച്ചിരുന്ന സമയത്ത് മുംബൈയ്ക്കെതിരെ ഹാർദിക് 228 റൺസ് നേടിയിരുന്നു. ബറോഡ ടീമിന്റെ നായകൻ കൂടിയായിരുന്ന പാണ്ട്യ, വിജയ് മെർച്ചന്റ് ട്രോഫിയിലായിരുന്നു ഈ തകർപ്പൻ ഇരട്ട സെഞ്ചുറി നേടിയത്. ഈ ഇന്നിംഗ്സിന്റെ ഓർമ്മയ്ക്കായാണ് ഹാർദിക് തന്റെ ജേഴ്സി നമ്പരായി 228 തിരഞ്ഞെടുത്തതെന്നായിരുന്നു ക്രിക്കറ്റ് പ്രേമികൾ ഐസിസിയ്ക്ക് മറുപടി നൽകിയത്. നിരവധി പേരാണ് ഐസിസിയുടെ ഈ ചോദ്യത്തിന് ഉത്തരവുമായി ട്വിറ്ററിൽ ക്ഷണനേരത്തിനുള്ളിൽ എത്തിയത്.