SHARE

ജോഹന്നസ്ബര്‍ഗിലെ പിങ്കില്‍ കുളിച്ച ഗ്യാലറികള്‍ക്കു മുന്നില്‍ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യയ്ക്ക് തന്നെയായിരുന്നു മേല്‍ക്കൈ. എന്നാല്‍ പ്രെഫഷണലിസം കൈമുതലാക്കി ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചതോടെ എയ്ഡന്‍ മാര്‍ക്രത്തിന് ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ജയം സ്വന്തമാക്കാനായി. എവിടെയൊക്കെയാണ് ഇന്ത്യയ്ക്ക് തിരിച്ചടി കിട്ടിയത്. പരിശോധിക്കാം തോല്‍വിയിലേക്ക് തള്ളിയിട്ട ആ മേഖലകള്‍.

അവസാന ഓവറുകള്‍

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന ഓവറുകളാണ് കളിയുടെ ഗതിയില്‍ നിര്‍ണായകമായത്. ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ഒരുക്കിയ അടിത്തറയില്‍ ഇന്ത്യ 340നടുത്ത് സ്‌കോറിലേക്ക് എത്തുമെന്ന് ഏവരും കരുതിയിരുന്നു. എന്നാല്‍ സംഭവിച്ചത് മറിച്ചായെന്ന് മാത്രം. ഇടയ്ക്ക് ഇടിമിന്നല്‍ മൂലം കളി നിര്‍ത്തിവച്ചതിനുശേഷം ഇന്ത്യന്‍ ബാറ്റിംഗിന് താളം കണ്ടെത്താനായില്ല. അവസാന പത്തോവറില്‍ വെറും 59 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. വിക്കറ്റുകള്‍ കൈയിലിരിക്കെ അവസാന 60 പന്തുകളിലെ മെല്ലപ്പോക്ക് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

മഴയെന്ന വില്ലന്‍

ദക്ഷിണാഫ്രിക്കയ്ക്ക് എന്നും മഴ വില്ലന്റെ സ്ഥാനത്താണ്. എന്നാല്‍ വാണ്ടറേഴ്‌സില്‍ വിരുന്നിനെത്തിയ മഴ ആതിഥേയര്‍ക്ക് അനുകൂലമാകുകയാണ് ചെയ്തത്. 290 എന്ന ലക്ഷ്യമായിരുന്നു ചേസ് ചെയ്യേണ്ടിയിരുന്നത് എങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റിയേനെ. 28 ഓവറില്‍ 202 റണ്‍സെന്ന താരതമ്യേന ചെറിയ സ്‌കോര്‍ മഴയ്ക്കുശേഷം മുന്നില്‍ വച്ചപ്പോള്‍ ഇന്ത്യയ്ക്ക് തിരിച്ചടിയും ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടവുമായി.

കൈവിട്ട അവസരങ്ങള്‍

നിരവധി മിസ് ഫീല്‍ഡിംഗുകളാണ് ഇന്ത്യ വരുത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നല്കിയ അവസരങ്ങള്‍ കൈവിട്ടു കളയുകയും ചെയ്തു. ഡേവിഡ് മില്ലര്‍ക്ക് ലഭിച്ച ജീവന്‍ താരം ശരിക്കും വിനിയോഗിക്കുകയും ചെയ്തു. ഒരോവറില്‍ രണ്ടു തവണ ജീവന്‍ കിട്ടിയത് മില്ലര്‍ ശരിക്കും മുതലാക്കുന്നതാണ് കണ്ടത്. യുഷ്‌വേന്ദ്ര ചഹാല്‍ എറിഞ്ഞ പതിനെട്ടാം ഓവറിലായിരുന്നു കളിയുടെ ഗതി മാറിത്തുടങ്ങിയത്. അതുവരെ പതുങ്ങി നിന്ന മില്ലര്‍ക്ക് മൂന്നാം പന്തില്‍ ആദ്യ ജീവന്‍ കിട്ടി. ആദ്യം ക്യാച്ച് വിട്ടു കളഞ്ഞെങ്കില്‍ ആറാം പന്തില്‍ ക്ലീന്‍ബൗള്‍ഡ് ചെയ്‌തെങ്കിലും നോബോളായതിനാല്‍ മില്ലര്‍ രക്ഷപ്പെട്ടു. പിന്നെ മില്ലറിന്റെ കടന്നാക്രമണത്തിനാണ് വാണ്ടറേഴ്‌സ് സാക്ഷ്യം വഹിച്ചത്. എന്തായാലും പരമ്പരയിലെ അടുത്ത മത്സരങ്ങള്‍ ഇന്ത്യയ്ക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ലെന്ന് ഉറപ്പായി.