SHARE

ഈ സീസൺ ഐപിഎല്ലിൽ പുതിയ നിറത്തിലുള്ള ജേഴ്സിയിൽ കളിക്കാനൊരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ആദ്യ സീസൺ മുതൽ ടീമിനൊപ്പമുണ്ടായിരുന്ന നീല നിറം ഉപേക്ഷിച്ച് പിങ്ക് നിറത്തിലുള്ള ജേഴ്സിയിലാകും ഇത്തവണ രാജസ്ഥാൻ കളിക്കുക. ഇന്നലെ ഇക്കാര്യത്തിൽ രാജസ്ഥാന്റെ ഔദ്യോഗിക പ്രഖ്യാപനവുമെത്തിയിരുന്നു‌. നേരത്തെ കഴിഞ്ഞ സീസണിൽ ക്യാൻസർ രോഗികൾക്ക് പിന്തുണയറിയിക്കാൻ പിങ്ക്‌ ജേഴ്സിയണിഞ്ഞ് ഒരു മത്സരം കളിച്ചിരുന്ന രാജസ്ഥാൻ, പൂർണമായും പിങ്ക് നിറത്തിലേക്ക് മാറുന്നത് ആരാധകർക്കും വലിയ കൗതുകം സമ്മാനിച്ചിട്ടുണ്ട്.

പുതിയ നിറത്തിൽ കളിക്കാൻ തീരുമാനിച്ചതിന് പിന്നാലെ നിറം മാറുന്നതിന്റെ കാരണവും രാജസ്ഥാൻ റോയൽസ് വ്യക്തമാക്കി. ”രാജസ്ഥാൻ പൊതുവേ പിങ്കുമായി ഏറെ ബന്ധമുള്ള സ്ഥലമാണ്. ടീമിന്റെ ആസ്ഥാനമായ ജയ്പൂർ അറിയപ്പെടുന്നത് പിങ്ക് നഗരം എന്നാണ്, പിങ്ക് സാൻഡ് സ്റ്റോണുകൾക്ക് പ്രശസ്തമായ സ്ഥലമാണ് ജോധ്പൂർ, ഉദയ്പൂരിലാണ് പിങ്ക് മാർബിളുകൾ നിർമിക്കുന്നത്. അത് കൊണ്ട് തന്നെ രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക നിറമാക്കാൻ പറ്റിയത് പിങ്കാണ്.

കഴിഞ്ഞ സീസണിൽ ക്യാൻസർ രോഗികൾക്ക് പിന്തുണയറിയിക്കാൻ രാജസ്ഥാൻ പിങ്ക് ജേഴ്സിയിൽ കളിച്ചിരുന്നു. അന്നത് ആരാധകരുടെ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. ഇതോടെ ഇത്തവണ പൂർണമായും പിങ്കിലേക്ക് മാറാൻ ടീം തീരുമാനിക്കുകയായിരുന്നു.” രാജസ്ഥാൻ റോയൽസ് അധികൃതർ വ്യക്തമാക്കി.