SHARE

തങ്ങളുടെ പേസ് ബൗളിംഗ് ഓൾ റൗണ്ടറായ വിജയ് ശങ്കർ ഇല്ലാതെയായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ഇന്നലെ സൺ റൈസേഴ്സ് ഹൈദരാബാദ് കളിച്ചത്. ടീമിലെ പ്രധാന ഇന്ത്യൻ താരങ്ങളിൽ ഒരാളായ വിജയ് ശങ്കർ കളിക്കാനില്ലാത്തത് എന്ത് കൊണ്ടെന്ന് മത്സരത്തിന്റെ ടോസ് സമയത്ത് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ വ്യക്തമാക്കുകയും ചെയ്തു.

മുതുകിന് പരിക്കേറ്റത് മൂലമാണ് വിജയ് ശങ്കർക്ക് കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നതെന്നായിരുന്നു വാർണർ വ്യക്തമാക്കിയത്. എന്നാൽ താരത്തിന്റെ പരിക്കിന്റെ സ്വഭാവമോ, അത് എത്രത്തോളം ഗൗരവകരമാണെന്നോ ഉള്ള കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയില്ല.

അതേ സമയം ഇത്തവണത്തെ ഐപിഎല്ലിൽ പരിക്കിന്റെ പിടിയിലാകുന്ന സൺ റൈസേഴ്സ് ഹൈദരാബാദിന്റെ രണ്ടാം താരമാണ് വിജയ് ശങ്കർ. നേരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ പന്തെറിയുന്നതിനിടെ അവരുടെ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിനും പരിക്കേറ്റിരുന്നു. കണ്ണങ്കാലിനേറ്റ പരിക്ക് അല്പം ഗുരുതരമായതിനാൽ മാർഷിന് ഈ സീസണിലെ ഐപിഎല്ലും നഷ്ടമായിരുന്നു. മാർഷിന് പകരം വിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡറെ ഹൈദരാബാദ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്.