SHARE

നായകൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ള പല‌ ഇന്ത്യൻ ബാറ്റ്സ്മാന്മാരും സ്പിൻ ബോളർമാർക്കെതിരെ കളിക്കുമ്പോൾ ഹെൽമറ്റിന് പകരം തൊപ്പി ഉപയോഗിക്കുന്നത് നാം കാണാറുണ്ട്. ഇംഗ്ലണ്ടിനെതിരെ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ‌ദിനമായ ഇന്നലെ ബാറ്റ് ചെയ്യുമ്പോളും ഇത്തരത്തിൽ കോഹ്ലി തൊപ്പിയണിഞ്ഞ് ബാറ്റ് ചെയ്തിരുന്നു‌. എന്നാൽ കോഹ്ലിയേയോ, മറ്റ് ഇന്ത്യൻ താരങ്ങളേയോ പോലെ ഇംഗ്ലണ്ട് താരങ്ങൾ സ്പിന്നർമാർ ക്കെതിരെ തൊപ്പിയണിഞ്ഞ് ബാറ്റ് ചെയ്യാറില്ല. ഇതിന് പിന്നിലൊരു കാരണവുമുണ്ട്. കഴിഞ്ഞ ദിവസം ദി ടൈംസിന്റെ സ്പോർട്സ് റിപ്പോർട്ടറായ എലിസബത്ത് അമ്മൺ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു.

“ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ പ്രകാരം ബാറ്റ്സ്മാന്മാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ച് കളിക്കേണ്ടതുണ്ട്. ബോളർ ആരായാലും ഹെൽമാറ്റ് മാറ്റി കളിക്കാനുള്ള അനുവാദം അവർക്കില്ല. പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കുന്ന എല്ലാ ബാറ്റ്സ്മാന്മാരും ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.” അമ്മൺ വ്യക്തമാക്കി.

തലയിൽ പന്ത് കൊണ്ട് ബാറ്റ്സ്മാന്മാർക്ക് പരിക്കേൽക്കാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു കർശന നിയമം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് നടപ്പിലാക്കിയിരിക്കുന്നത്. സ്പിന്നർ ബോൾ ചെയ്യുകയാണെങ്കിൽപ്പോലും, ഫീൽഡറിൽ നിന്നുള്ള ത്രോ വഴി അബദ്ധത്തിൽ പന്ത് ബാറ്റ്സ്മാന്റെ തലയിൽ പതിക്കാനുള്ള സാധ്യതയുണ്ട്. ഇതും ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമാക്കാനുള്ള അവരുടെ തീരുമാനത്തിന് പിന്നിലെ‌ കാരണങ്ങളിലൊന്നാണ്.