SHARE

കൗണ്ടി സെലക്ട് ഇലവനെതിരെ ഇന്നലെ ഡർഹാമിൽ ആരംഭിച്ച ത്രിദിന പരിശീലന മത്സരത്തിൽ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ എന്നിവരില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. ടെസ്റ്റ് ടീമിന്റെ നായകനായ കോഹ്ലിയും ഉപനായകനായ രഹാനെയും കളിക്കാനില്ലാത്തതിനാൽ രോഹിത് ശർമ്മയാണ് ഈ മത്സരത്തിൽ ടീം ഇന്ത്യയെ നയിക്കുന്നത്.

മത്സരത്തിൽ ഇന്ത്യയെ നയിക്കേണ്ടിയിരുന്ന വിരാട് കോഹ്ലി മുതുകിലെ വേദനയെത്തുടർന്നാണ് കളിയിൽ നിന്ന് വിട്ടു നിൽക്കുന്നത്. അതേ സമയം രഹാനെക്കാവട്ടെ ഹാംസ്ട്രിംഗ് പരിക്കാണ് വിനയായത്. നിലവിൽ പൂർണ ഫിറ്റ്നസിലല്ലാത്ത ഇരുവർക്കും ബിസിസിഐയുടെ മെഡിക്കൽ സംഘം വിശ്രമം നിർദ്ദേശിക്കുകയും, അതിനാൽ പരിശീലന മത്സരത്തിൽ നിന്ന് വിട്ടു‌ നിൽക്കാൻ ഇരുവരും നിർബന്ധിതരാവുകയായിയിരുന്നുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

അതേ സമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്ക് മുൻപ് ആവശ്യത്തിന് മത്സരപരിചയം ലഭിക്കുന്നതിന്റെ ഭാഗമായാണ് കൗണ്ടി സെലക്ട് ഇലവനെതിരെ ഇന്ത്യ പരിശീലന മത്സരം കളിക്കുന്നത്. ഇന്നലെ ആരംഭിച്ച മത്സരം ഈ മാസം 22 ന് അവസാനിക്കും. അടുത്ത മാസം നാലിനാണ് ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്. ഈ മത്സരത്തിന് മുൻപ് ഇന്ത്യ ചില ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരങ്ങളും സംഘടിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.