SHARE

പരിശീലകരെ പുറത്താക്കുന്ന കാര്യത്തിൽ യാതൊരു മടിയുമില്ലാത്ത ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. എന്നാലിക്കുറി സ്പാനിഷ് പരിശീലകൻ ജെറാർഡ് നൂസിനെ പുറത്താക്കിയത് അപ്രതീക്ഷിതമായിരുന്നു. നൂസിന്റെ കീഴിൽ ഭേദപ്പെട്ട പ്രകടനമാണ് നോർത്ത് ഈസ്റ്റ് നടത്തിക്കൊണ്ടിരുന്നത്.

തുടർച്ചായായി മത്സരങ്ങളിൽ ജയമില്ലാത്തത്, ഡ്രെസിങ് റൂമിലെ പ്രശ്നം തുടങ്ങി പല കാരണങ്ങൾ നൂസിന്റെ പുറത്താകലുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നുണ്ട്. എന്നാൽ നൂസിന് പുറത്തേക്ക് വഴിതെളിച്ചത് മൂന്ന് കാരണങ്ങളാലാണെന്നാണ് ഫുട്ബോൾ വെബ്സൈറ്റായ ഐ.എഫ്.ടി.ഡബ്യു.സി റിപ്പോർട്ട് ചെയ്യുന്നത്.

നൂസും സീസൺ തുടക്കത്തിൽ സഹപരിശീലകനായിരുന്ന ഖാലിദ് ജമീലും തമ്മിലുള്ള പ്രശ്നങ്ങളാണ് ഒന്നാമത്തെ കാരണമെന്നാണ് റിപ്പോർട്ട്. മുഖ്യപരിശീലകനും സഹപരിശീലകനും തമ്മിൽ വിവിധ കാര്യങ്ങളിൽ അഭിപ്രായഭിന്നതികൾ നിലനിന്നിരുന്നു. ഇതേത്തുടർന്നാണ്, യൂത്ത് ഡെവലപ്മെന്റിന് പ്രാധാന്യം കൊടുക്കാനെന്ന കാരണം പറഞ്ഞ ജെമീലിനെ ​ഗോവയിൽ നിന്ന് ​ഗുവാഹത്തിയിലേക്ക് മടക്കിയയച്ചത്. ഇതാണ് എല്ലാത്തിന്റേയും തുടക്കം

ടീമിന്റെ കളിശൈലിയെച്ചൊല്ലിയാണ് രണ്ടാമത്തെ പ്രശ്നം. ഇക്കുറി കാര്യമായി പ്രീ സീസൺ നടത്താനാകാതിരുന്ന ക്ലബാണ് നോർത്ത് ഈസ്റ്റ്. സീസൺ തുടങ്ങുന്നതിന് ദിവസങ്ങൾ മുമ്പ് മാത്രമാണ് മുഴുവൻ കളിക്കാരേയും പരിശീലകന് ലഭിച്ചത് തന്നെ. ഈ സാഹചര്യത്തിൽ ടീം ഒത്തിണങ്ങുന്നതുവരെ പ്രതിരോധത്തിലൂന്നിയ ശൈലി പിന്തുടരനായിരുന്നു തീരുമാനം. ടീം തമ്മിൽ ഒത്തിണങ്ങിയശേഷം മികച്ച കളിശൈലി രൂപപ്പെടുത്താം എന്നും തീരുമാനിച്ചിരുന്നു. എന്നാൽ ഒമ്പത് മത്സരങ്ങൾ പിന്നിട്ടപ്പോഴും കളിശൈലിയുടെ കാര്യത്തിൽ ക്ലബ് അധികൃതർക്ക് തൃപ്തി വന്നില്ല. ഇതും നൂസിന്റെ പുറത്താകലിന് കാരണമായി.

ഡ്രെസിങ് റൂമിൽ നൂസിനെതിരെ പടയൊരുക്കം തുടങ്ങിയതാണ് മൂന്നാമത്തെ കാരണമെന്നാണ് റിപ്പോർട്ട്. നൂസിന്റെ ടീം തിരഞ്ഞെടുപ്പിൽ കടുത്ത അതൃപ്തിയുള്ള ഒരു സംഘം ടീമിലുണ്ടായിരുന്നു, ഇതിൽ ചില താരങ്ങൾക്ക് ടീമിൽ നല്ല സ്വാധീനവുമുണ്ടായിരുന്നു. ഇത് ടീമിനുള്ളിൽ വിഭാ​ഗീയതയ്ത്ത് വഴിതെളിക്കുമെന്ന അവസ്ഥയും നൂസിനെ എതിരായി മാറി.