SHARE

ഐഎസ്എല്‍ സീസണ്‍ നാലില്‍ ഗാലറിയിലെത്തിയ ആരാധകരുടെ എണ്ണത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെ മുന്നില്‍. കളത്തില്‍ കാര്യമായ മികവ് പ്രകടിപ്പിച്ചില്ലെങ്കിലും കേരളത്തിന്റെ മൂന്നു ഹോംമാച്ചുകളില്‍ ഒഴുകിയെത്തിയത് 109,606 പേര്‍. ഒരു മത്സരത്തിന് ശരാശരി 36,535 പേര്‍ വീതം. മൂന്നു മത്സരങ്ങളാണ് കൊച്ചിയില്‍ ഇതുവരെ പൂര്‍ത്തിയായത്.

ചാമ്പ്യന്മാരായ എടികെയുടെ ഹോംഗ്രൗണ്ടായ സാള്‍ട്ട് ലേക്കില്‍ നടന്ന ആദ്യ മത്സരത്തില്‍ എത്തിയത് 32,816 പേര്‍ മാത്രമാണ്. പൂന സിറ്റിക്കെതിരേ ആയിരുന്നു മത്സരം. ഈസ്റ്റ് ബംഗാള്‍-മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത ഡെര്‍ബിക്ക് 60,000ത്തോളം ആരാധകര്‍ വന്ന സ്ഥാനത്താണിത്. ആ മത്സരമാകട്ടെ നടത്തിയത് നട്ടുച്ചയ്ക്കും. എന്തായാലും ഗാലറി കണക്കില്‍ ഐഎസ്എല്‍ ടീമുകളില്‍ രണ്ടാംസ്ഥാനത്ത് എടികെ തന്നെയാണ്. പൂനയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കുറച്ചു കാണികള്‍ കളി കാണാനെത്തിയത്. പുതുമുഖങ്ങളായ ബെംഗളൂരു എഫ്‌സിയെയും ജംഷഡ്പൂരിനെയും പ്രോത്സാഹിപ്പിക്കാന്‍ മികച്ച രീതിയില്‍ ആളുകള്‍ സ്റ്റേഡിയത്തില്‍ എത്തുന്നുണ്ട്.

ഐഎസ്എല്ലില്‍ ഏറ്റവുമധികം കാണികള്‍ കണ്ട മത്സരം 2015 ഡിസംബര്‍ 16ന് നടന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത-ചെന്നൈ എഫ്‌സി മത്സരമാണ്. 68,340 പേരാണ് അന്ന് മത്സരം കാണാന്‍ കൊല്‍കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത്തെ മത്സരവും നടന്നത് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തന്നെയാണ്. ഡിസംബര്‍ 12 ന് നടന്ന കൊല്‍കത്ത മുംബൈ മത്സരമാണ് ഇത്. അന്ന് 65,000 പേരാണ് അന്ന് കളികാണാന്‍ എത്തിയത്.