SHARE

റിക്കാര്‍ഡുകള്‍ക്ക് പഞ്ഞമില്ല ക്രിക്കറ്റില്‍. എന്നാല്‍ അപൂര്‍വമായൊരു റിക്കാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാനില്‍ നിന്നൊരു പതിനഞ്ചുകാരന്‍. ആകാഷ് ചൗധരി എന്ന ഇടംകൈയന്‍ പേസറുടെ പേരിലാണ് പുതിയ റിക്കാര്‍ഡ്. ട്വന്റി-20 മത്സരത്തില്‍ ഒരൊറ്റ റണ്‍സും വഴങ്ങാതെ പത്തുവിക്കറ്റു പിഴുതാണ് ആകാശ് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടിയത്.

രാജസ്ഥാനിലെ ബാവേര്‍സിംഗ് ട്വന്റി-20 ടൂര്‍ണമെന്റിലാണ് നാടകീയ നിമിഷങ്ങള്‍ പിറന്നത്. ദിഷ ക്രിക്കറ്റ് അക്കാദമിക്കു വേണ്ടിയായിരുന്നു ആകാശ് കളിച്ചത്. എതിരാളികള്‍ പേള്‍ ക്രിക്കറ്റ് അക്കാദമിയും. ആദ്യം ബാറ്റ് ചെയ്ത ദിഷ അക്കാദമി 20 ഓവറില്‍ 156 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പേള്‍ ഇലവന്‍ വെറും 36 റണ്‍സിന് ഇന്നിംഗ്‌സ് അവസാനിച്ചു.

ആദ്യ ഓവറില്‍ രണ്ടുവിക്കറ്റ് നേടിക്കൊണ്ടായിരുന്നു ആകാശ് താണ്ഡവം തുടങ്ങിയത്. തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഓവറുകളില്‍ ആകാശ് രണ്ടുവിക്കറ്റ് നേട്ടം ആവര്‍ത്തിച്ചു. അവസാന ഓവറില്‍ ഹാട്രിക്കടക്കം നാലു വിക്കറ്റുകളാണ് ആകാശ് എറിഞ്ഞിട്ടത്. ആകാശിന്റെ ബൗളിംഗ് നേട്ടം ഇങ്ങനെ- 4-4-0-10. അടുത്തുതന്നെ രാജസ്ഥാന്‍ അണ്ടര്‍ 17 ടീമിലേക്ക് ഈ താരത്തിന് വിളിയെത്തിയേക്കും.