SHARE

അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസുകൾ നേടുന്ന താരമായി മാറി ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്തിൽ. ന്യൂസിലൻഡ് താരം തന്നെയായ ബ്രെൻഡൻ മക്കല്ലത്തെയാണ് ഇക്കാര്യത്തിൽ ഗുപ്തിൽ പിന്നിലാക്കിയത്. ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ന് ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ കാഴ്ചവെച്ച പ്രകടനമാണ് മക്കല്ലത്തെ പിന്തള്ളി ഒന്നാമതെത്താൻ ന്യൂസിലൻഡ് ഓപ്പണറെ സഹായിച്ചത്. ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ താരം സെഞ്ചുറി നേടിയിരുന്നു.

അന്താരാഷ്ട്ര ടി20 യിൽ 73 മത്സരങ്ങളിൽ 2188 റൺസാണ് ഗുപ്തിലിന്റെ സമ്പാദ്യം. 2 സെഞ്ചുറികളും, 13 അർധ സെഞ്ചുറികളും താരം ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട്. 71 മത്സരങ്ങളിൽ 2140 റൺസ് നേടിയിട്ടുള്ള ബ്രണ്ടൻ മക്കല്ലത്തിന്റെ പേരിലായിരുന്നു ഇക്കാര്യത്തിൽ ഇത്രയും നാൾ റെക്കോർഡ്. മക്കല്ലവും നേടിയിട്ടുള്ളത് 2 സെഞ്ചുറികളും 13 അർധ സെഞ്ചുറികളുമാണ്.

-Advertisement-

വെറും അൻപത്തിയഞ്ച് മത്സരങ്ങളിൽ 1956 റൺസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് റൺ വേട്ടയിൽ മൂന്നാം സ്ഥാനത്ത്. 1889 റൺസടിച്ച ശ്രീലങ്കൻ ഓപ്പണർ തിലകരത്നെ ദിൽഷനും, 1821 റൺസ് നേടിയ പാക് താരം ഷൊയിബ് മാലിക്കുമാണ് ഈ നേട്ടത്തിൽ ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ.