SHARE

യുവതാരം ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയായിരുന്നു ഐപിഎല്ലിൽ ഇന്നലെ നടന്ന ഡെൽഹി ഡെയർഡെവിൾസ് – സൺ റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന്റെ പ്രധാന പ്രത്യേകത. മത്സരത്തിൽ ഡെൽഹിക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും 63 പന്തിൽ 128 റൺസെടുത്ത പന്ത് നിരാശപ്പെടുത്തുന്ന ഒരു ഐപിഎൽ റെക്കോർഡ് തന്റെ പേരിലാക്കി. തോൽവിയേറ്റു വാങ്ങുന്ന ഒരു ടീമിലെ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡാണ് ഇന്നലത്തെ മത്സരത്തോടെ പന്തിന്റെ പേരിലായത്.  63 പന്തിൽ  15 ബൗണ്ടറികളും, 7 സിക്സറുകളുമടക്കം 128 റൺസ് നേടിയ ഋഷഭ് പന്ത് മത്സരത്തിൽ പുറത്താകാതെ നിന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ എഡിഷനിൽ ഡെക്കാൺ ചാർജേഴ്സ് താരമായിരുന്ന ആൻഡ്രൂ സൈമണ്ട്സ്, രാജസ്ഥാൻ റോയൽസിനെതിരെ നേടിയ 117 റൺസായിരുന്നു ഇത് വരെ തോൽവിയേറ്റു വാങ്ങിയ ഒരു ടീമിലെ താരം നേടിയ ഏറ്റവും ഉയർന്ന സ്കോർ. ഈ റെക്കോർഡാണ് ഇന്നലത്തെ മത്സരത്തോടെ പന്തിന് സ്വന്തമായത്. 2014 ൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ വൃദ്ധിമാൻ സാഹ, കൊൽക്കത്തയ്ക്കെതിരെ നേടിയ 115 റൺസും, കഴിഞ്ഞ സീസണിൽ പഞ്ചാബ് താരം തന്നെയായ ഹഷീം അംല മുംബൈ ഇന്ത്യൻസിനെതിരെ നേടിയ 104 റൺസുമാണ് ഈ പട്ടികയിൽ തൊട്ടു പിന്നിലുള്ളത്.

-Advertisement-

ഋഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ 187/5 എന്ന മികച്ച സ്കോർ പടുത്തുയർത്തിയെങ്കിലും മത്സരത്തിൽ പരാജയപ്പെടാനായിരുന്നു ഡെൽഹിക്ക് യോഗം. 92 റൺസ് നേടിയ ശിഖാർ ധവാന്റെയും, 83 റൺസ് നേടിയ കെയിൻ വില്ല്യംസണിന്റേയും ബാറ്റിംഗ് കരുത്തിൽ ശക്തമായി തിരിച്ചടിച്ച ഹൈദരാബാദ് ഏഴ് പന്തുകൾ ബാക്കി നിൽക്കേ മത്സരത്തിൽ ഒൻപത് വിക്കറ്റിന്റെ ജയം നേടുകയായിരുന്നു.