SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ ഒരു റണ്ണിനായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടത്. 48 പന്തിൽ പുറത്താകാതെ 84 റൺസ് നേടിയ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ ഇന്നിംഗ്സായിരുന്നു ‌ചെന്നൈയെ വിജയത്തിനരികെ വരെയെത്തിച്ചത്. കളിയിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു പിടി റെക്കോർഡുകളാണ് മത്സരത്തിൽ ധോണി സ്വന്തമാക്കിയത്.

1)ഉമേഷ് യാദവ് എറിഞ്ഞ മത്സരത്തിന്റെ ഇരുപതാം ഓവറിൽ 24 റൺസാണ് ധോണി നേടിയത്. ഇത് നാലാം തവണയാണ് ഒരു ഐപിഎൽ മത്സരത്തിന്റെ ഇരുപതാം ഓവറിൽ ധോണി ഇരുപതിലധികം റൺസ് നേടുന്നത്‌. ഏറ്റവും കൂടുതൽതവണ ഈ നേട്ടം സ്വന്തമാക്കുന്ന താരമാണ് ഇപ്പോൾ ധോണി

2) മത്സരത്തിന്റെ പത്തൊൻപതാം ഓവറിൽ നവ്ദീപ്‌ സൈനിക്കെതിരെ ധോണി നേടിയ സിക്സർ അദ്ദേഹത്തിന്റെ ഐപിഎൽ കരിയറിലെ ഇരുന്നൂറാം സിക്സറായിരുന്നു‌. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ധോണി.

3) ക്യാപ്റ്റനെന്ന നിലയിൽ ഐപിഎല്ലിൽ 4000 റൺസ് തികയ്ക്കാൻ ഇന്നലത്തെ മത്സരത്തിൽ ധോണിക്ക് കഴിഞ്ഞു. ഐപിഎല്ലിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ നായകനാണ് ധോണി.

4) ഇന്നലത്തെ മത്സരത്തിൽ ധോണി നേടിയ 84* റൺസ്, ടി20 ക്രിക്കറ്റിൽ അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന‌സ്കോറാണ്. കഴിഞ്ഞ സീസണിൽ പഞ്ചാബിനെതിരെ നേടിയ 79* റൺസായിരുന്നു ഇതിന് മുൻപ് ടി20 യിൽ ധോണിയുടെ ഉയർന്ന സ്കോർ.