SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ സീസണ്‍ കളിക്കുന്ന ബംഗളൂരു എഫ്‌സി ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന് ചുവപ്പുകാര്‍ഡ്. വ്യാഴാഴ്ച്ച എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിലാണ് എതിര്‍താരത്തെ ആക്രമിച്ച സന്ധുവിന് റഫറി മാര്‍ച്ചിംഗ് ഓര്‍ഡര്‍ നല്കിയത്. ബംഗളൂരു 2-1ന് പിന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഗോളിയുടെ സാഹസം.

കളിയുടെ 36മത്തെ മിനിറ്റില്‍ ബംഗളൂരു ബോക്‌സില്‍ ഗോവന്‍ താരം മാനുവേല്‍ ലാന്‍സറോട്ടൊയുടെ മുന്നേറ്റം തടയാനുള്ള നീക്കമാണ് സംഘര്‍ഷത്തിലും പിന്നീട് സന്ധുവിന്റെ മടക്കത്തിലും കലാശിച്ചത്. ഇതിനു കിട്ടിയ പെനാല്‍റ്റി ഗോളാക്കി ഗോവ ആദ്യ പകുതിയില്‍ 3-1ന്റെ ലീഡും നേടി. ഈ സീസണില്‍ ചുവപ്പുകാര്‍ഡ് വാങ്ങുന്ന ആദ്യ ഗോളിയെന്ന ദുര്‍വിധിയും സന്ധുവിന് സ്വന്തം. ക്ലബ് ഫുട്‌ബോളില്‍ ആദ്യമായിട്ടാണ് താരം ചുവപ്പ് കാര്‍ഡ് വാങ്ങിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.