SHARE

റയല്‍ മഡ്രിഡും യുവന്റസും തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നാടകീയമായി രംഗങ്ങളോടെയാണ് അവസാനിച്ചത്. ഇരുപാദങ്ങളിലുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ 3-3 സമനിലയില്‍ നില്‍ക്കവേ, കളിയുടെ ഇഞ്ചുറി ടൈമില്‍ റഫറി റയലിന് അനുകൂലമായി പെനാല്‍ട്ടി വിധിക്കുകയായിരുന്നു. റയലിന്റെ ലൂക്കാസ് വാസ്‌കോസിനെ യുവന്റസ് പ്രതിരോധതാരം മെഹ്ദി ബെനേഷ്യ വീഴ്ത്തിയതിനാണ് റഫറി പെനാല്‍ട്ടി വിസില്‍ മുഴക്കിയത്.

റഫറിയുടെ തീരുമാനത്തില്‍ തര്‍ക്കിച്ച ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ബഫണ്‍ ചുവപ്പു കാര്‍ഡ് കാണുകയും ചെയ്തു. മത്സരത്തിന് ശേഷം റഫറിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ബഫണ്‍. റഫറി ഹൃദയമില്ലാത്തവനാണെന്നും റഫറിയുടെ ഹൃദയത്തിന്റെ ഭാഗത്ത് മാലിന്യ സഞ്ചിയാണെന്നും ബഫണ്‍ പറഞ്ഞു. ഇറ്റാലിയന്‍ ടി വി ചാനല്‍ മീഡിയാ സെറ്റിനോടാണ് ബഫണിന്റെ രൂക്ഷമായ പ്രതികരണം. ‘ മത്സരം നിയന്ത്രിക്കാനുള്ള വ്യക്തിത്വവും ധൈര്യവുമില്ലെങ്കില്‍ റഫറി വീട്ടുകാരോടൊപ്പം സ്റ്റേഡിയത്തിലിരുന്ന് കളി കണ്ടാല്‍ മതിയെന്നും ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പര്‍ കൂട്ടിച്ചേര്‍ത്തു.

വിവാദ പെനാല്‍ട്ടി വലയിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്വാര്‍ട്ടറില്‍ 4-3ന് റയലിനെ വിജയത്തിലെത്തിച്ചിരുന്നു. രണ്ടാം പാദത്തില്‍ 3-1ന് വിജയിച്ചിട്ടും സെമിഫൈനല്‍ കാണാതെ പുറത്തായതിന്റെ നിരാശയിലാണ് യുവന്റസ്. റയലിന് പുറമേ, ബയേൺ മ്യൂണിക്ക്, ലിവർപൂൾ, എ എസ് റോമ തുടങ്ങിയവരാണ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ കടന്നിട്ടുള്ളത്.