SHARE

റഫറിയുടെ പിഴവുകള്‍ അതിര് കടന്നോ…? ഇന്നലെ കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും തമ്മിലുള്ള ഐ എസ് എല്‍ മത്സരം മുഴുവന്‍ ആരാധകരുടെയും മനസ്സിലുള്ള ചോദ്യമാണിത്. മത്സരത്തിലുടനീളം റഫറി പ്രഞ്ചാല്‍ ബാനര്‍ജിക്ക് സംഭവിച്ച പിഴവുകളായിരുന്നു അര്‍ഹിച്ച ജയം നേടുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിനെ തടഞ്ഞു നിര്‍ത്തിയത്. റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. റഫറി പ്രഞ്ചാല്‍ ബാനര്‍ജിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ കയറി പൊങ്കാലയിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കലിപ്പ് തീര്‍ക്കുന്നത്.

കളിയുടെ അവസാന നിമിഷത്തിലായിരുന്നു മത്സരത്തിലെ ഏറ്റവും വലിയ പിഴവ് റഫറി വരുത്തിയത്. കേരള ബോക്‌സിനുള്ളിലേക്ക് വന്ന ചെന്നൈയിന്‍ താരത്തിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിംഗന്‍ ശരീരം കൊണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. പക്ഷേ, അത് ഹാന്‍ഡ് ബോളാണെന്ന് തെറ്റിദ്ധരിച്ച് റഫറി ചെന്നൈയിന്‍ എഫ് സി ക്ക് പെനാല്‍ട്ടി അനുവദിക്കുകയായിരുന്നു. അങ്ങനെ മത്സരത്തിന്റെ 87ാം മിനുട്ടില്‍ റഫറിയുടെ പിഴവില്‍ നിന്ന് ലഭിച്ച പെനാല്‍റ്റിയിലൂടെ ചെന്നൈയിന്‍ മത്സരത്തില്‍ മുന്നിലെത്തി.

ഒടുവില്‍ കളിയുടെ അവസാന നിമിഷത്തില്‍ ജിംഗന്റെ തന്നെ പാസ്സില്‍ സി കെ വിനീത് നേടിയ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് റഫറിക്കും ചെന്നൈയിന്‍ എഫ് സിക്കും മറുപടി നല്‍കി. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ നിരവധി തെറ്റായ തീരുമാനങ്ങളായിരുന്നു റഫറി എടുത്തത്. 31ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരാധതാരം ലാല്‍ റാവുത്തര, ബോക്‌സിന് വെളിയില്‍ ചെന്നൈയിന്‍ താരത്തെ വീഴ്ത്തിയതിന് റഫറി ചെന്നൈയിന് അനുകൂലമായി ഫ്രീ കിക്ക്‌ വിധിച്ചു. എന്നാല്‍ അത് ഫൗളല്ലെന്ന് പിന്നീട് ടി വി റിപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു.

മത്സരത്തില്‍ രണ്ടു തവണയാണ് ചെന്നൈയിന്‍ മുന്നേറ്റതാരം ജെജെ ഹാന്‍ഡ്‌ബോള്‍ വഴങ്ങിയത്. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ റഫറി തയ്യാറായതുമില്ല. അതേ സമയം, ബ്ലാസ്റ്റേഴ്‌സ് വിജയം അര്‍ഹിച്ചിരുന്നുവെന്നും തങ്ങള്‍ ഗോള്‍ നേടിയത് റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെയാണെന്ന് ചെന്നൈയിന്‍ കോച്ച് ജോണ്‍ ഗ്രിഗറി തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.