SHARE

കോപ്പ അമേരിക്കയുടെ സെമി‌ഫൈനലിൽ ആതിഥേയരായ ബ്രസീലിനോട് പരാജയപ്പെട്ടതിന് പിന്നാലെ മത്സരത്തിന്റെ റഫറിയിംഗിനെതിരെ കടുത്ത വിമർശനങ്ങളായിരുന്നു അർജന്റൈൻ നായകൻ ലയണൽ മെസി അഴിച്ചുവിട്ടത്. മത്സരത്തിൽ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന പെനാൽറ്റികൾ റഫറി അനുവദിച്ചില്ലെന്നും, റഫറിയുടെ തെറ്റായ തീരുമാനങ്ങൾ കളിയിൽ തങ്ങൾക്ക് തിരിച്ചടിയായെന്നുമായിരുന്നു മെസി പറഞ്ഞത്. ഇപ്പോളിതാ മെസിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് മത്സരം നിയന്ത്രിച്ച ഇക്വഡോർ റഫറി റോഡ്രി സബ്രാനോ.

തോൽക്കുന്നവർ റഫറിയിംഗിനേയും, റഫറിമാരേയും പഴിക്കുന്നത് പതിവ് കാഴ്ചയാണെന്നും, ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നതെന്നും സബ്രാനോ പറയുന്നു. സെമി‌ഫൈനൽ വളരെ കടുപ്പമായിരിക്കുമെന്ന് അറിയാമായിരുന്നെന്നും, തോൽക്കുന്ന ടീം കളിക്ക് ശേഷം തങ്ങളെ പഴിക്കുമെന്ന് കരുതിയിരുന്നതായും പറഞ്ഞ സബ്രാനോ, താൻ പ്രതീക്ഷിച്ചത് പോലെ സംഭവിച്ചെന്നും കൂട്ടിച്ചേർത്തു.

അതേ സമയം അർജന്റീനയും-ബ്രസീലും തമ്മിലുള്ള കോപ്പ അമേരിക്ക സെമിക്ക് ശേഷം വലിയ വിമർശനങ്ങളായിരുന്നു മത്സരത്തിലെ റഫറിയിംഗിനെതിരെ ഉയർന്നത്. മെസിക്ക് പുറമേ മറ്റ് ചില താരങ്ങളും കളിയിലെ റഫറിയിംഗിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.