SHARE

2021 ൽ ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന വനിതകളുടെ ഏകദിന ലോകകപ്പിലേക്ക് ഇന്ത്യ നേരിട്ട് യോഗ്യത നേടുന്ന കാര്യം അനിശ്ചിതത്വത്തിൽ. ആതിഥേയർക്കൊപ്പം ഐസിസി ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിലെ ആദ്യ 4 സ്ഥാനക്കാരാണ് ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടുന്നത്.‌ പോയിന്റ് ടേബിളിൽ നിലവിൽ ഇന്ത്യ മൂന്നാമതും പാകിസ്ഥാൻ നാലാമതുമാണ്.

ഐസിസി‌ ചാമ്പ്യൻഷിപ്പിന്റെ ഫിക്സ്ചർ അനുസരിച്ച് ഇന്ത്യ പാകിസ്ഥാനെതിരെയും മത്സരം കളിക്കേണ്ടതുണ്ട്. എന്നാൽ പാകിസ്ഥാനെതിരെ ഇന്ത്യയെ കളിപ്പിക്കാ‌ൻ ബിസിസിഐ താല്പര്യപ്പെടുന്നില്ല. പാകിസ്ഥാനെതിരെ കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ 6 പോയിന്റുകൾ കുറയ്ക്കുകയും ഈ 6 പോയിന്റുകൾ പാകിസ്ഥാന് നൽകുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഇന്ത്യ പോയിന്റ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിന്ന് താഴേക്ക് പോകും.

ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിന്ന് പിന്തള്ളപ്പെട്ടാൽ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാൻ ഇന്ത്യയ്ക്ക് കഴിയില്ല, ഇതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇന്ത്യയ്ക്ക് ക്വാളിഫിക്കേഷൻ മത്സരങ്ങൾ കളിക്കേണ്ടി‌ വരും. ഇത്തരമൊരവസ്ഥയിൽ പാകിസ്ഥാനെതിരെ കളിക്കാൻ ബിസിസിഐ തയ്യാറാകുമോ അതോ യോഗ്യതാ മത്സരങ്ങൾ കളിച്ച് ലോകകപ്പിനെത്താൻ‌‌ ശ്രമിക്കുമോ എന്നത് കണ്ടറിയണം.