SHARE
ബിലാൽ ഖാൻ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി ​ഗോളി ടി.പി.രഹനേഷ് ഇപ്പോൾ ആരാധകർക്ക് മുന്നിൽ വില്ലനാണ്. അനാവശ്യ പിഴവുകളിലൂടെ ​രഹനേഷ് വഴങ്ങുന്ന ​ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ പല മത്സരങ്ങളിലും തോൽപ്പിക്കുന്നത്. ​ഗോൾവലയ്ക്ക് മുന്നിൽ പലപ്പോഴും അത്മവിശ്വാസമില്ലാതെ നിലകൊള്ളുന്ന രഹനേഷിന് തന്നെയാണ് ഇക്കറി ബ്ലാസ്റ്റേഴ്സിന്റെ തകർച്ചയിൽ പ്രധാന പങ്ക്.

ഐ.എസ്.എല്ലിൽ ഇക്കുറി 13 മത്സരങ്ങളാണ് രഹനേഷ് ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾവല കാത്തത്. ഇതിൽ നിന്ന് വഴങ്ങിയത് 25 ​ഗോളുകളാണ്. ചെന്നൈയിനെതിരായ ഇന്നലത്തെ മത്സരം കൂട്ടിയില്ലെങ്കിൽ പോലും 19 ​ഗോളുകൾ വഴങ്ങി. വെറും രണ്ട് ക്ലീൻ ഷീറ്റ് മാത്രമാണ് രഹനേഷിന് സ്വന്തം പേരിൽ ചേർക്കാനായത്. ​ഗോളുകൾ വഴങ്ങുന്ന രീതി കൂടി പരി​ഗണിച്ചാൽ ഐ.എസ്.എല്ലിലെ ഏറ്റവും മോശം ​ഗോളിയാണ് രഹനേഷ് എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

പലപ്പോഴും ​ര​​ഹനേഷ് ​ഗോൾ വഴങ്ങുന്ന രീതിയാണ് പ്രശ്നം. മിക്കവാറും അവസരങ്ങളിൽ രഹനേഷിൻരെ പൊസിഷനിങ് തെറ്റായിരിക്കും. അതിനാൽ തന്നെ ദുർബലമായ ഷോട്ടുകൾ പോലും അനായാസമായി രഹനേഷിന് മറികടന്ന് പോകും. ഇതിന് പുറമെ പല അവസരങ്ങളിലും സേവ് ചെയ്യാനൊരു ശ്രമം പോലും രഹനേഷ് നടത്താറില്ല. ഇത്രയേറെ പരാജയപ്പെട്ടിട്ടും പരിശീലകൻ എൽക്കോ ഷട്ടോരി എന്തുകൊണ്ട് രഹനേഷിനെ തന്നെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നു എന്നത് അത്ഭുതമുളവാക്കുന്നു.

രഹനേഷ് നിരന്തരം പരാജയപ്പടുമ്പോഴും അവസരം കിട്ടാതെ സൈഡ് ബെഞ്ചിലിരിക്കുകയാണ് ഉത്തർപ്രദേശുകരാനായ ​ഗോളി ബിലാൽ ഖാൻ. കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ റയൽ കശ്മീരിന്റെ ​ഗോളിയായിരുന്നു ബിലാൻ. ഐ-ലീ​ഗിൽ പുതുമുഖ ടീമായിട്ടും സീസണിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റ്( ഒമ്പത് തവണ) നേടിയ ​ഗോളിയായിരുന്നു ബിലാൽ.

ഇക്കുറി ബ്ലാസ്റ്റേഴ്സിലെത്തിയെങ്കിലും വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് ബിലാലിന് കളിക്കാനായത്. എ.ടി.കെയ്ക്കെതിരായ സീസണിലെ ആദ്യ മത്സരത്തിലും മുംബൈയ്ക്കെതിരായ രണ്ടാം മത്സരത്തിലും. ഇത് രണ്ടും കൊച്ചിയിൽ നടന്നതാണ്. ഈ രണ്ട് മത്സരത്തിലും ബിലാലിന് മികവ് തെളിയിക്കാനിയില്ല എന്നത് സത്യം തന്നെ. കേരളാ ബ്ലാസ്റ്റേഴ്സ് എന്ന ക്ലബിന്റെ വൻ ആരാധകവൃന്ദവും മഞ്ഞക്കടലായി മാറിയ കൊച്ചി സ്റ്റേഡിയവും സൃഷ്ടിച്ച പകപ്പാണ് ആദ്യ മത്സരങ്ങളിൽ ബിലാലിനെ സമ്മർദത്തിലാക്കിയ ഒരു ഘടകം.

എന്നാൽ രഹനേഷ് നിരന്തരം പരാജയപ്പെടുകയും, എന്ന് മാത്രമല്ല ദുരന്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ ബിലാലിന് അവസരം അർഹിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ കൂടി അവസാനിച്ച ഘട്ടത്തിൽ അടുത്ത മത്സരങ്ങളിൽ രഹനേഷിന് പകരം ബിലാൽ വന്നേക്കും എന്ന് പ്രതീക്ഷിക്കാം.