SHARE

മത്സരത്തിനുള്ള ആദ്യ ഇലവനിൽ ഒമ്പത് താരങ്ങളെ മാത്രം ഉൾപ്പെടുത്തിയതോടെ ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് നിലവിലെ ജേതാക്കളായ അൽ ഹിലാൽ പുറത്ത്. ടീമിനെ ഒന്നടങ്കം കോവിഡ് ബാധിച്ചതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. സൗദി അറേബ്യൻ ക്ലബാണ് ഹിലാൽ

കോവിഡിനെത്തുടർന്ന് നേരത്തെ നിർത്തിവച്ച മത്സരങ്ങളാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഖത്തറിലാണ് ഇത് നടക്കുന്നത്. കഴിഞ്ഞ ദിവസം ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ യു.എ.ഈ ക്ലബ് ഷബാബ് അൽ അഹ്ലിയെയായണ് ഹിലാൽ നേരിടേണ്ടിയിരുന്നത്. എന്നാൽ ഇതിനിടെയാണ് ടീമിൽ കോവിഡ് ബാധയുണ്ടായത്. ടീമുമായി ബന്ധപ്പെട്ട കളിക്കാരടക്കം 15 പേർക്ക് കോവിഡ് പോസിറ്റീവായി.

ഇതോടെ ബുധനാഴ്ച നടക്കേണ്ടിയിരുന്ന മത്സരത്തിൽ ഹിലാലിന് ആകെ ശേഷിച്ചത് 11 താരങ്ങളാണ്. അതിൽ തന്നെ മൂന്ന് പേർ ​ഗോൾകീപ്പർമാരും. രണ്ട് ​ഗോൾക്കീപ്പർമാരെ പകരക്കാരാക്കുമ്പോഴേക്കും കളിക്കളത്തിലിറങ്ങുക ഒമ്പത് പേർ മാത്രം. 13 പേരെങ്കിലും സ്ക്വാഡിൽ വേണമെന്നാണ് ചട്ടം. ഇതോടെ ഹിലാലിന് മത്സരത്തിൽ പങ്കെടുക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു.

മത്സരം മാറ്റവയ്പ്പിക്കാനുള്ള ശ്രമങ്ങൾ സൗദി ഫുട്ബോൾ നേതൃത്വത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായി. എന്നാൽ ഇക്കാര്യത്തിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കടുത്ത തീരുമാനമാണെടുത്ത്. ഹിലാൽ പിന്മാറിയതോടെ, അവർ മുമ്പ് കളിച്ച ​ഗ്രൂപ്പ് മത്സരങ്ങളും ഫലങ്ങളും റദ്ദാക്കി. ഇതോടെ ഷബാബും ഉസ്ബക്കിസ്ഥാൻ ക്ലബ് പക്താക്കോറും പ്രീക്വാർട്ടറിലേക്ക് മുന്നേറി.