SHARE

കഴിഞ്ഞ ദിവസം ലോകകപ്പിലെ ഗ്രൂപ്പ് ഡി യിൽ നടന്ന മത്സരത്തിൽ നൈജീരിയ ഐസ്ലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മുന്നേറ്റ താരം അഹമ്മദ് മൂസ നേടിയ ഇരട്ടഗോളുകളാണ് നൈജീരിയയ്ക്ക് വിജയവും റഷ്യൻ ലോകകപ്പിലെ ആദ്യ പോയിന്റും സമ്മാനിച്ചത്. മത്സരത്തിൽ ജയിച്ചത് നൈജീരിയ ആണെങ്കിലും അവരേക്കാൾ കൂടുതൽ ആ വിജയം ആഘോഷിക്കുന്നത് അർജന്റീനൻ ആരാധകരാണ്.

തങ്ങളുടെ അവസാന മത്സരത്തിൽ ക്രൊയേഷ്യയോട് തകർന്നടിഞ്ഞ അർജന്റീനയ്ക്ക് ഇനി പ്രീക്വാർട്ടറിലെത്തണമെങ്കിൽ ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ പ്രകടനം കൂടി നിർണായകമാണ്. അത് കൊണ്ടു തന്നെ ഇന്നലത്തെ മത്സരത്തിൽ ഐസ്ലൻഡ് വിജയിച്ചിരുന്നെങ്കിൽ അർജന്റീനയുടെ പ്രീക്വാർട്ടർ സാധ്യതകളെ അത് പ്രതികൂലമായി ബാധിച്ചേനെ. നിലവിൽ ഗ്രൂപ്പ് ഡി യിൽ 6 പോയിന്റോടെ ക്രൊയേഷ്യയാണ് മുന്നിലുള്ളത് (അവർ പ്രീക്വാർട്ടറിലും കടന്ന് കഴിഞ്ഞു). നൈജീരിയ 3 പോയിന്റോടെ രണ്ടാമതും. ഐസ്ലൻഡിനും അർജന്റീനയ്ക്കും ഓരോ പോയിന്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ അർജന്റീന അവസാന സ്ഥാനത്താണ്.

അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ ഇനിയുള്ള സാധ്യതകൾ ഇങ്ങനെയാണ്. നൈജീരിയക്കെതിരെ തങ്ങളുടെ അവസാന മത്സരം ജയിക്കുക, ഒപ്പം ഐസ്ലൻഡ് ക്രൊയേഷ്യയെ തോൽപ്പിക്കാതിരിക്കാൻ പ്രാർത്ഥിക്കുക. അഥവാ ഐസ്ലൻഡ് ക്രൊയേഷ്യയേയും, അർജന്റീന നൈജീരിയയ്ക്കെതിരെയും വിജയം നേടുകയാണെങ്കിൽ ഇരു ടീമുകൾക്കും തുല്യ പോയിന്റ് വീതമാകും. അങ്ങനെ വരുമ്പോൾ ടീമുകളുടെ ഗോൾ വ്യത്യാസമാണ് രണ്ടാം സ്ഥാനക്കാരെ കണ്ടെത്താൻ പരിഗണിക്കുന്നത്.

നിലവിൽ ഗോൾവ്യത്യാസം അർജന്റീനയ്ക്ക് പ്രതികൂലമാണ്. ചുരുക്കിപ്പറഞ്ഞാൽ അവസാന മത്സരത്തിൽ നൈജീരിയക്കെതിരെ മികച്ച മാർജിനിൽ അർജന്റീന വിജയിക്കണമെന്ന് സാരം. നിലവിലെ ഫോമിൽ അതിന് അവർക്ക് കഴിയുമോ എന്നത് കാത്തിരുന്ന് കാണണം. ഇങ്ങനെയാണെങ്കിലുംക്രൊയേഷ്യക്കെതിരെ ഐസ്ലൻഡ് പരാജയപ്പെടുകയാണെങ്കിൽ അർജന്റീനയുടെ സാധ്യതകൾ കുറച്ച് കൂടി വർധിക്കും. കാര‌ണം അങ്ങനെ വരികയാണെങ്കിൽ നൈജീരിയക്കെതിരെ ചെറിയ വിജയം നേടിയാലും അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താം. ജൂൺ 26-ം തീയതി രാത്രി 11.30 നാണ് ഈ രണ്ട് മത്സരങ്ങളും നടക്കുക.