SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ പത്താം പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം. മധ്യനിരയിയിൽ മുംബൈയുടെ  പ്രധാന താരമായ സെഹ്നാജ് സിംഗിന് വിലക്കിനെത്തുടർന്ന് ഇന്നും കളിക്കാനാവില്ല.

ഡെൽഹി ഡൈനാമോസിനെതിരെ ഡിസംബർ 29-ം തീയതി നടന്ന മത്സരത്തിനിടെ താരത്തിന് ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. തുടർന്ന് മത്സരശേഷം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ താരം ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി കണ്ടെത്തിയ ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ 2 കളിയിൽ വിലക്കും 2 ലക്ഷം രൂപ പിഴയും അദ്ദേഹത്തിന് വിധിക്കുകയായിരുന്നു‌.

വിലക്ക് ലഭിച്ചതിനെത്തുടർന്ന് ജംഷദ്പൂർ എഫ് സി യുമായി ജനുവരി അഞ്ചിന് നടന്ന മത്സരത്തിൽ കളിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. വിലക്ക് തുടരുന്നതിനാൽ ബ്ലാസ്റ്റേഴ്സിനെതിരെയും ടീമിന് വെളിയിൽ തന്നെയാകും സെഹ്നാജിന്റെ സ്ഥാനം. ആക്രമണ ശൈലിയിൽ കളിക്കുന്ന സെഹ്നാജ് സിംഗ് പരിചയസമ്പന്നനായ താരവുമാണ്. അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ അഭാവം കേരളാ ബ്ലാസ്റ്റേഴ്സിന് ഏറെ ഗുണകരമാകും.

അതേസമയം ബ്ലാസ്റ്റേഴ്സ് നിരയിൽ പരിക്ക് മാറി സി.കെ വിനീത് തിരിച്ചെത്തുമോ എന്ന കാര്യം ഉറപ്പായിട്ടില്ല‌. നിലവിൽ ഒൻപത് മത്സരങ്ങളിൽ 11 പോയിന്റ് മാത്രമുള്ള കേരളം പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.