SHARE

ഇന്നാണ് ഐപിഎൽ കോഴവിവാദത്തിൽ ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ക്രിക്കറ്റിൽ നിന്നുള്ള ആജീവനാന്ത വിലക്ക് ഏഴ് വർഷത്തേക്ക് ചുരുക്കിക്കൊണ്ടുള്ള ബിസിസിഐ ഓംബുഡ്സ്മാൻ ഡി കെ ജെയിനിന്റെ പ്രഖ്യാപനമെത്തിയത്. 2013 മുതൽ വിലക്ക് നേരിട്ട് കൊണ്ടിരിക്കുന്ന ശ്രീശാന്തിന് ഇതോടെ 2020 സെപ്റ്റംബറോടെ ക്രിക്കറ്റ് കളത്തിൽ തിരിച്ചെത്താം.

ഏറെ വൈകിയാണെങ്കിലും ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ കഴിയുന്നതിന്റെ സന്തോഷ മാണ് വിലക്ക് ചുരുക്കിയതിന് ശേഷം ശ്രീശാന്ത് പ്രകടിപ്പിച്ചത്. നിരപരാധിത്വം തെളിയിക്കാൻ താൻ ഏറെ വർഷങ്ങളായി ശ്രമിക്കുകയാണെന്നും, അവസാനം തന്റെ ശ്രമങ്ങൾക്ക് ഫലം കണ്ടെന്നും പറയുന്ന ശ്രീശാന്ത് ഇതിൽ നിന്നൊക്കെ പുറത്ത് വരാൻ കഴിഞ്ഞത് ദൈവാനുഗ്രഹത്താലാണെന്നും, തനിക്ക് ക്രിക്കറ്റിൽ ഇനിയും സജീവമാകാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

പ്രായം തന്റെ മടങ്ങിവരവിന് ഒരു പ്രശ്നമല്ലെന്നാണ് ശ്രീശാന്തിന്റെ പക്ഷം. അധികം വൈകാതെ തന്നെ താൻ പരിശീലനം പുനരാരംഭിക്കുമെന്ന് പറഞ്ഞ ശ്രീ, ഭാവിയിലെ തന്റെ ലക്ഷ്യങ്ങൾ ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണെന്നും, ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റുകൾ തികയ്ക്കുകയാണെന്നും പറയുന്നു.

2005 ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ശ്രീശാന്ത്, 53 ഏകദിനങ്ങളിലും, 27 ടെസ്റ്റുകളിലും, 10 ടി20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞിട്ടുണ്ട്. ടെസ്റ്റിൽ 87 വിക്കറ്റും, ഏകദിനത്തിൽ 75 വിക്കറ്റും, ടി10 യിൽ 7 വിക്കറ്റുമാണ് ശ്രീയുടെ സമ്പാദ്യം. ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ് കേരള, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് വേണ്ടിയും ശ്രീശാന്ത് ജേഴ്സിയണിഞ്ഞിട്ടുണ്ട്‌.