SHARE

റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള പോർച്ചു​ഗലിന്റെ സാധ്യതാ ടീമിനെ പരിശീലകൻ ഫെർണാണ്ടോ സന്റോസ് പ്രഖ്യാപിച്ചു. കഴിഞ്ഞ യൂറോകപ്പ് ജേതാവും, ഭാവി താരവുമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന റെനെറ്റോ സാഞ്ചസിന് 35-അം​ഗ ടീമിലിടമില്ല. 20 കാരനായ സാഞ്ചസ് 2016-ൽ ഫ്രാൻസിൽ നടന്ന യൂറോക്കപ്പിലെ, ടീമിന്റെ ഏഴ് മത്സരങ്ങളിൽ ആറിലും കളിക്കാനിറങ്ങിയിരുന്നു.

ബെൻഫിക്കയുടെ താരമായിരുന്ന സാഞ്ചസിനെ വൻ തുക മുടക്കി ജർമൻ ക്ലബ് ബയേൺ മ്യൂണിക്ക് ടീമിലെത്തിച്ചിരുന്നു. എന്നാൽ പരിക്കും ഫോമില്ലായ്മയും മൂലം പ്രതീക്ഷച്ച പ്രകടനം നടത്താനാകാതെ വന്ന സാഞ്ചസിന് മ്യൂണിക്ക് സ്വാൻസി സിറ്റിക്ക് ലോണിൽ നൽകി. എന്നാൽ ഇം​ഗ്ലണ്ടിലും പ്രതീക്ഷിച്ച പ്രകടത്തിന് അടുത്തെങ്ങുമെത്തിയില്ല സാഞ്ചസ്. ഇരു ക്ലബുകളിലും തിളങ്ങാനാകാതെ വന്നതോടെ ലോകകപ്പിനുള്ള സാധ്യാതാ ടീമിൽ നിന്നും സാഞ്ചസ് പുറത്തായി.

ക്രിസ്റ്റ്യാനോ റൊണാൾഡോ, സീനിയർ താരം റിക്കാർഡോ ക്വരേസ്മ, പെപെ, നെൽസൺ സെമാഡോ, ജാവോ കാൻസെലോ, റാഫേൽ ​ഗ്വിറേറോ, റൂബൻ നെവെസ്, വില്യം കാർവാലോ, അന്ദ്രേ സിൽവ, ജാവോ മരിയ, ജാവോ മോട്ടിന്യോ, ആന്ദ്രേ ​ഗോമസ്, എഡർ, ​ഗോളി റൂയി പെട്രീഷ്യ എന്നീ പ്രധാന താരങ്ങളെല്ലാം ഇടം നേടിയിട്ടുണ്ട്. ​ഗ്രൂപ്പ് ബിയിൽ, സ്പെയിൻ, മൊറോക്കോ, ഇറാൻ എന്നിവർക്കൊപ്പമാണ് പോർച്ചു​ഗൽ ലോകകപ്പിൽ കളിക്കുന്നത്.