ക്രിക്കറ്റിൽ നിന്ന് കുറച്ച് നാൾ വിശ്രമമെടുക്കാൻ തീരുമാനിച്ച് ഓസ്ട്രേലിയൻ ഓപ്പണർ മാറ്റ് റെൻഷാ. കഴിഞ്ഞ കുറച്ച് നാളുകളായി പിന്തുടരുന്ന മോശം ഫോമിൽ നിന്ന് പുറത്ത് കടക്കാനാണ് വിശ്രമത്തിലൂടെ റെൻഷാ ലക്ഷ്യമിടുന്നത്. അല്പം നാൾ കളിയിൽ നിന്ന് മാറി നിന്നതിന് ശേഷം പൂർവ്വാധികം ശക്തിയോടെ കളിക്കളത്തിലേക്ക് തിരിച്ചെത്താമെന്നാണ് താരം കരുതുന്നത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി ദീർഘ നാൾ കളിക്കുമെന്ന് ഒരു സമയത്ത് കരുതിയിരുന്ന താരമാണ് റെൻഷാ. എന്നാൽ മികച്ച രീതിയിൽ കരിയർ തുടങ്ങിയ താരം പിന്നീട് അവിശ്വസനീയമാംവിധം മോശം ഫോമിലേക്ക് വീഴുകയായിരുന്നു. 2018 ന് ശേഷം ഓസ്ട്രേലിയൻ അഭ്യന്തര ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടാൻ പോലും താരത്തിന് കഴിഞ്ഞിട്ടില്ല.
ഈയാഴ്ച ഇംഗ്ലണ്ട് ലയൺസിനെതിരെ ഹൊബാർട്ടിൽ നടക്കാനിരിക്കുന്ന ചതുർദിന ടെസ്റ്റ് മത്സരത്തിനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനിൽ റെൻഷായേയും ഉൾപ്പെടുത്താൻ സെലക്ടർമാർക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും തൽക്കാലം ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അത് കൊണ്ട് ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടെന്നും റെൻഷാ തന്നെ സെലക്ടർമാരെ അറിയിക്കുകയായിരുന്നു.