SHARE

ടെലിവിഷൻ ഷോയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് ബിസിസിഐ‌ വിലക്ക് നേരിടുകയാണ് മുംബൈ ഇന്ത്യൻസ് താരമായ ഹാർദിക് പാണ്ട്യ. വിലക്കിനെത്തുടർന്ന് താരത്തിന്റെ ഐപിഎൽഭാവിയും‌ അനിശ്ചിതത്വത്തിലായിരിക്കേ വിവാദ സംഭവത്തിലെ അദ്ദേഹത്തിനെതിരായ അന്വേഷണം വേഗത്തിലാക്കണമെന്ന് മുംബൈ ഇന്ത്യൻസ് ബിസിസിഐ യോട് ആവശ്യപ്പെട്ടെന്ന് കഴിഞ്ഞ‌ദിവസം വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിതാ, ഈ വാർത്തകളെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് സി.ഇ.ഒ സുന്ദർ രാമൻ.

അന്വേഷണം വേഗത്തിലാക്കാൻ മുംബൈ ഇന്ത്യൻസ് ബിസിസിഐ യോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കോഫി വിത്ത് കരൺ എന്ന‌ചാറ്റ് ഷോയിൽ സംസാരിക്കുന്നതിനിടെയായിരുന്നു‌ പാണ്ട്യയുടെ സ്ത്രീവിരുദ്ധ പരാമർശം. പാണ്ട്യയ്ക്കൊപ്പമുണ്ടായിരുന്ന ഇന്ത്യൻ താരം കെ എൽരാഹുലിനേയും ഇതേത്തുടർന്ന്‌‌ ബിസിസിഐ സസ്പെൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ഓസീസിനെതിരെയും, ന്യൂസിലൻഡിനെതിരെയുമുള്ള പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ഇരുവരും ഒഴിവാക്കപ്പെട്ടിരുന്നു.

ഇരുവർക്കുമെതിരെയുള്ള‌വിലക്ക് നീണ്ടാൽ താരങ്ങളുടെ ഐപിഎൽ പങ്കാളിത്തവും അനിശ്ചിതത്വത്തിലായേക്കും. അതേ സമയം മുംബൈ ഇന്ത്യൻസ് താരങ്ങൾക്കെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാൻ ബിസിസിഐ‌യോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയത് വിവാദ സംഭവത്തിൽ തന്റെ ഐപിഎൽ ടീമും പാണ്ട്യയെ തഴഞ്ഞു എന്നതിന്റെ സൂചനയായാണ് പറയപ്പെടുന്നത്.