SHARE

ഇന്ത്യയ്ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിൽ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. ടീമിനുള്ളിൽ ഗ്രൂപ്പിസമുണ്ടെന്നും, രണ്ട് ചേരികളായി തിരിഞ്ഞ് കൊണ്ടുള്ള കളികളാണ് പാക് ക്രിക്കറ്റിൽ നടക്കുന്നതെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ലോകത്തിന് മുഴുവൻ ഞെട്ടൽ സമ്മാനിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പാക് ടീമിനുള്ളിൽ നിന്ന് പുറത്തേക്ക് വരുന്നത്.

പാകിസ്ഥാ‌ൻ ടീമിനുള്ളിൽ ഗ്രൂപ്പിസമുണ്ടെന്ന വാർത്ത പുറത്ത് വിട്ടിരിക്കുന്നത് പ്രമുഖ ന്യൂസ് ചാനലായ ദുനിയ ആണ്. മൊഹമ്മദ് ആമിറിന്റേയും, ഇമാദ് വസീമിന്റേയും നേതൃത്തിലാണ് ടീമിനുള്ളിലെ രണ്ട് ഗ്രൂപ്പുകളെന്നും, ടീമിന്റെ പ്രകടനത്തേയും, ഒത്തൊരുമയേയും ഈ ഗ്രൂപ്പിസം വളരെ മോശമായി ബാധിക്കുന്നുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയ്ക്കെതിരായ തോൽവിക്ക് പിന്നാലെ പാക് നായകൻ സർഫറാസ് അഹമ്മദ് ടീം ഡ്രെസ്സിംഗ് റൂമിൽ പൊട്ടിത്തെറിച്ചെന്നും, നിയന്ത്രണം നഷ്ടപ്പെട്ട അദ്ദേഹം ഇന്ത്യയ്ക്കെതിരെ മോശം പ്രകടനം കാഴ്ച താരങ്ങൾക്കെതിരെ ഒച്ചയെടുത്തെന്നും സൂചനകളുണ്ട്. അതേ സമയം ഇമാദ് വസീമും, ഇമാം ഉൾ ഹഖും ചേർന്നാണ് സർഫറാസിനെതിരെ ഗ്രൂപ്പ് ഉണ്ടാക്കിയത് എന്നും സൂചനകളുണ്ട്. എന്തായാലും ലോകകപ്പിൽ നിരാശാജനകമായ പ്രകടനം തുടരുന്ന പാകിസ്ഥാനെ കൂനിന്മേൽ കുരു എന്ന രീതിയിൽ ഓരോ ദിവസവും പുതിയ പ്രശ്നങ്ങൾ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.