ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകളുടെ റിസർവ് ടീമുകൾ തമ്മിലേറ്റുമുട്ടുന്ന ഡെവലപ്മെന്റൽ ലീഗ് ഏപ്രിൽ 15-ന് തുടങ്ങും. ഗോവയിൽ നടക്കുന്ന ഈ ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുക്കുക. ഇതിൽ ഏഴെണ്ണം ഐഎസ്എൽ ടീമുകളും ശേഷിക്കുന്ന ഒന്ന് റിയലയൻസിന്റെ യങ് ചാമ്പ്സ് ടീമുമാണ്.
കേരളാ ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എഫ്സി, ഹൈദരബാദ് എഫ്സി, ബെംഗളുരു എഫ്സി, ജെംഷദ്പുർ എഫ്സി, എഫ്സി ഗോവ, മുംബൈ സിറ്റി എന്നിവരുടെ റിസർവ് ടീമുകളാണ് ലീഗിൽ പങ്കെടുക്കുക. എടികെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്സി എന്നിവർ ലീഗിൽ നിന്ന് പിന്മാറി. സിംഗിൾ റൗണ്ട് റോബിൻ രീതിയിലാണ് ലീഗ് കളിക്കുക. അതായത് ഓരോ ടീമുകൾക്കും ഏഴ് മത്സരങ്ങൾ വീതം ലഭിക്കും. ഇതിൽ ഒന്നാമതെത്തുന്നവരാകും വിജയികൾ.
ലീഗിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് മുന്നിൽ വലിയ അവസരമാണ് തുറക്കുക. ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് ഈ വർഷം അവസാനം യുകെയിൽ നടത്തുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാൻ സാധിക്കും. ഐഎസ്എല്ലുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയർ ലീഗാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുക. പ്രധാന പ്രീമിയർ ലീഗ് ക്ലബുകളുടെ യൂത്ത് ടീമുകളും ഈ ടൂർണമെന്റിൽ പങ്കെടുക്കും.