SHARE

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളാൺ ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ്. ഫീൽഡിംഗ് മികവ് കൊണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്കാരം വരെ സ്വന്തമാക്കിയിട്ടുള്ള റോഡ്സ്, ഇപ്പോളിതാ ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡർ ആരെന്ന് വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം മുൻ സിംബാബ്‌വെ താരം പോമി എംബാഗ്വെയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിടെയായിരുന്നു റോഡ്സ് ഇക്കാര്യത്തിൽ മനസ് തുറന്നത്.

ലൈവ് സെഷനിടെ, ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീൽഡർ ആരെന്ന ചോദ്യം വന്നപ്പോൾ, സമയമൊട്ടും കളയാതെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ പേരായിരുന്നു റോഡ്സ് മറുപടി നൽകിയത്. ഇതിന് കാരണവും റോഡ്സ് വിശദീകരിച്ചു. റോഡ്സിന്റെ വാക്കുകൾ ഇങ്ങനെ, ” എക്കാലത്തെയും മികച്ച ഫീൽഡർ എബി ഡിവില്ലിയേഴ്സാണ്. അദ്ദേഹം ഒരു വിക്കറ്റ് കീപ്പറാണ്, അദ്ദേഹം സ്ലിപ്പിൽ ഫീൽഡ് ചെയ്യും, മിഡ് ഓഫിലും, ലോംഗ് ഓണിലും ഫീൽഡ് ചെയ്യും. അവനാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡർ. താൻ കണ്ടിട്ടുള്ള, എല്ലാ പൊസിഷനുകളിലും ഫീൽഡ് ചെയ്യാൻ മികവുള്ള ആദ്യ താരം ഓസ്ട്രേലിയയുടെ ആൻഡ്രു സൈമണ്ട്സാണ്. അദ്ദേഹവും കരുത്തനായ ഫീൽഡറായിരുന്നു. ഡിവില്ലിയേഴ്സ് മികച്ച ബാറ്റ്സ്മാൻ കൂടിയാണ്, അത് കൊണ്ട് തന്നെ അദ്ദേഹത്തിന് മത്സരം കൃത്യമായി വായിച്ചെടുക്കാൻ കഴിയും. എന്റെ കാഴ്ചപ്പാടിൽ ഡിവില്ലിയേഴ്സാണ് ഫീൽഡിലെ ഏറ്റവും മികച്ചവൻ.” റോഡ്സ് പറഞ്ഞു നിർത്തി.