ഈ മാസം 17 ന് ഇന്ത്യയ്ക്കെതിരെ ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് അവരുടെ മുൻ നായകനായിരുന്ന റിക്കി പോണ്ടിംഗ്. മോശം ഫോമിലായിരുന്നിട്ടും ജോ ബേൺസിനെ ടീമിന്റെ ഓപ്പണറായി അദ്ദേഹം ചൂണ്ടിക്കാട്ടിയതാണ് ശ്രദ്ധേയം. ബേൺസിനൊപ്പം, മാത്യു വേഡിനെയാണ് ഓപ്പണിംഗ് സ്ഥാനത്തേക്ക് പോണ്ടിംഗ് തിരഞ്ഞെടുക്കുന്നത്. ഇടം കൈ-വലം കൈ കോമ്പിനേഷൻ ലഭിക്കുന്നതിനായാണ് വേഡ്-ബേൺസ് ജോഡിയെ ഓപ്പണിംഗ് സ്ഥാനത്തേക്ക് താൻ നിർദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
മാർനസ് ലബുഷാനെയെയാണ് ടീമിന്റെ മൂന്നാം നമ്പരിലേക്ക് പോണ്ടിംഗ് തിരഞ്ഞെടുക്കുന്നത്. സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരെ തുടർന്നുള്ള സ്ഥാനങ്ങളിലേക്ക് ചൂണ്ടിക്കാട്ടുന്ന പോണ്ടിംഗ്, ഫിറ്റ്നസ് വീണ്ടെടുക്കുകയാണെങ്കിൽ കാമറോൺ ഗ്രീൻ ആറാം നമ്പരിലെത്തണമെന്ന് പറയുന്നു. നായകൻ ടിം പെയിനാണ് പോണ്ടിംഗിന്റെ ടീമിൽ ഏഴാം സ്ഥാനത്തുള്ളത്. പേസ് ബൗളർമാരായി പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരെ തിരഞ്ഞെടുക്കുന്ന പോണ്ടിംഗ്, സ്പിന്നറായി നഥാൻ ലയോൺ ആദ്യ ടെസ്റ്റിൽ കളിക്കണമെന്നും കഴിഞ്ഞ ദിവസം 7 ക്രിക്കറ്റിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.